ഹാഥ്രസ്: സിദ്ദിഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്ന് കെയുഡബ്ല്യൂജെ; പ്രതികാര നടപടിയെന്ന് ദേശീയ നേതാക്കൾ; സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി

single-img
6 October 2020

ഹാഥ്‌റസിൽ‌ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയതിന്റെ പേരിൽ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് (കെയുഡബ്ല്യൂജെ) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.

വാര്‍ത്താ ശേഖരണത്തിന്റെ ഭാഗമായാണ് സിദ്ദിഖ് ഹാഥ്‌റസ് സന്ദര്‍ശിച്ചത്. കസ്റ്റഡിയില്‍ എടുത്തത്തിന് മതിയായ കാരണം കാണിച്ചിട്ടില്ല. സിദ്ദിഖിനെ ബന്ധപ്പെടാന്‍ പോലും സാധിച്ചിട്ടില്ലെന്ന് കെയുഡബ്ല്യുജെ കത്തിൽ വ്യക്തമാക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡൽഹി ഘടകത്തിന്റെ സെക്രട്ടറി കൂടിയാണ് യുപി പോലീസ് കസ്റ്റഡിയില്‍ എടുത്ത സിദ്ദിഖ്. സിദ്ദിഖ്നൊപ്പം മറ്റ് മൂന്ന് പേരെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തേ തേജസ്, തത്സമയം ദിനപത്രങ്ങളിൽ ജോലി ചെയ്തിരുന്ന സിദ്ദിഖ് ഇപ്പോള്‍ ‘അഴിമുഖം’ എന്ന വെബ്‌സൈറ്റിലെ മാധ്യമ പ്രവർത്തകനാണ്.

മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചുവെന്നും അതിനാലാണ് സിദ്ദിഖ്നെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നുമാണ് പോലീസിന്റെ വാദം. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നും മഥുര പോലീസ് ആരോപിക്കുന്നുണ്ട്.

എന്നാൽ ഹാഥ്രസ് സംഭവത്തെത്തുടർന്നുള്ള പ്രതിഷേധത്തിനെതിരെ യോഗി സർക്കാരിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് ദേശീയ നേതാക്കൾ അറിയിച്ചു. 19 എഫ്ഐആറുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഹാഥ്‌റസില്‍ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാല്‍സംഗത്തിനിയാക്കിയ ദലിത് പെണ്‍കുട്ടി കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ആശുപത്രിയില്‍ വച്ച് മരിച്ചത്. മരണത്തിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ യുപി പോലിസ് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നൽകാതെ ദഹിപ്പിച്ചു. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധമാണ് തുടരുന്നത്. സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഒരു ഹർജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.