യുണിടാക്കിൻ്റേത് ചെറിയ കളിയല്ല: കേരള ബ്ലാസ്റ്റേഴ്സും അന്വേഷണ പരിധിയിലേക്ക്

single-img
6 October 2020

കൊച്ചി ആസ്ഥാനമായ ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും ലൈഫ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഉൾപ്പെടുന്നു. ഇവർ ബ്ലാസ്‌റ്റേഴ്‌സിന്റെ സ്പോൺസർമാർ ആയിരുന്നുവെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് പുതിയ നീക്കങ്ങൾ. യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകളിലേക്ക് അന്വേഷണം നീണ്ടതോടെ കേരള ബ്ലാസ്റ്റേഴ്സും അന്വേഷണ പരിധിയിലേക്ക് എത്തുകയായിരുന്നു. 

യു.എ.ഇ. റെഡ്ക്രസന്റുമായുള്ള ഇടപാടിനുശേഷവും അതിന് രണ്ടുവർഷം മുമ്പുമുള്ള യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തികഇടപാടുകളാണ് പരിശോധിക്കുന്നത്.അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാന സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്താൻ യൂണിടാക് എം.ഡി. സന്തോഷ് ഈപ്പൻ തയ്യാറായിരുന്നില്ല. 

കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ ഉപയോഗിച്ച് യൂണിടാക് പരസ്യചിത്രവും നിർമിച്ചിരുന്നു. അതേസമയം ലൈഫ് മിഷൻ കരാർ യാദൃച്ഛികമായി യൂണിടാക്കിന് ലഭിച്ചതല്ലെന്നാണ് വിലയിരുത്തുന്നത്. 18 കോടി രൂപയുടെ കരാർ ലഭിക്കണമെങ്കിൽ മുൻപും ഇടപാടുകൾ നടന്നിരിക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. 

ലൈഫ് മിഷൻ കരാറിനു മുൻപ് നടന്ന യൂണിടാക്കിന്റെ ഇടപാടുകളിലും സ്വപ്‌നാ സുരേഷിന്റെയും സംഘത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഇത്തരത്തിലുള്ള ഇടപാടുകൾ പരിശോധിക്കവേയാണ് റെഡ്ക്രസന്റുമായി കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പുള്ള വർഷം ബ്ലാസ്റ്റേഴ്‌സിന്റെ സ്പോൺസർമാരിൽ യൂണിടാക്കിന്റെ പേര് കണ്ടെത്തിയത്. ബ്ലാസ്റ്റേഴ്‌സിന്റെ അന്നത്തെ ജഴ്‌സിയിൽ ‘സ്ലീവ് സ്‌പോൺസർ’ എന്നനിലയിൽ യൂണിടാക് പങ്കാളിയായിരുന്നു. എന്നാൽ എത്ര രൂപയുടെ ഇടപാടാണ് ഇതെന്നു കണ്ടെത്തിയിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് പോലൊരു ടീമിന്റെ സ്‌പോൺസർ ആകാനുള്ള സാമ്പത്തികശേഷി യൂണിടാക്കിന് കൈവന്നിരുന്നോ എന്നതും അന്വേഷണ വിധേയമാകുന്നുണ്ട്.