ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ബിജെപി മുന്നണിയിലേക്ക്

single-img
6 October 2020

വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേെക്കന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. 22 എം.പിമാരുമായി പാര്‍ലമെൻ്റിലെ നാലാമത്തെ വലിയ കക്ഷിയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ്. രാജ്യസഭയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ആറ് എം.പിമാരുണ്ട്. ആന്ധ്ര മുഖ്യമന്ത്രിയായി ചുമതലയേറ്റത് മുതല്‍ ജഗന്‍ കേന്ദ്രസര്‍ക്കാരുമായും ബി.ജെ.പിയുമായും നല്ല ബന്ധത്തിലാണ്.

തിങ്കളാഴ്ച വൈകുന്നേരമാണ് ജഗന്‍ മോഹന്‍ ഡല്‍ഹിക്ക് തിരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയ്ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ജഗന്‍ മോഹന്‍ ഡല്‍ഹിക്ക് പോകുന്നത്. സെപ്റ്റംബര്‍ 22ന് ഡല്‍ഹിയില്‍ എത്തിയ ജഗന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

വൈ.എസ്.ആര്‍ കോണ്‍ഗ്രസിൻ്റെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ക്യാബിനറ്റ് മന്ത്രി സ്ഥാനം വൈഎസ്ആര്‍ കോണ്‍ഗ്രസിന് എന്‍ഡിഎ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്നത്.

രാജ്യസഭയിലും ലോക്‌സഭയിലും കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനങ്ങള്‍ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലും എന്‍ഡിഎയുടെ പ്രധാന കക്ഷിയായ അകാലിദള്‍ പുറത്തുപോയ വിടവ് അടയ്ക്കുകയാണ് ജഗൻമോഹനിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.