സിബിഐക്കും എന്‍ഫോഴ്‌സ്‌മെൻ്റിനും മകനെ വലിയ ഇഷ്ടമാണ്, അവർ ഇടയ്ക്കിടയ്ക്കു വരും: ഡികെ ശിവകുമാറിൻ്റെ അമ്മയുടെ മാസ് മറുപടി

single-img
6 October 2020

തങ്ങളുടെ വീട്ടിൽ അടിക്കടിയുള്ള കേന്ദ്ര ഏജൻസികളുടെ അടിക്കടിയുള്ള പരിശോധനയെ സംബന്ധിച്ച് ഡി.കെ. ശിവകുമാറിന്റെ അമ്മ ഗൗരമ്മയുടെ പരിഹാസം. അന്വേഷണ ഏജന്‍സികള്‍ക്ക് തന്റെ മകനെ വലിയ ഇഷ്ടമാണെന്നും അവര്‍ ഇടക്കിടെ വന്നുകൊണ്ടിരിക്കുമെന്നുമാണ് ഡി.കെ. ശിവകുമാറിന്റെ അമ്മ ഗൗരമ്മ പരിഹസിച്ചത്. 

കഴിഞ്ഞ ദിവസം കര്‍ണാടക, ഡല്‍ഹി,  മഹാരാഷ്ട്ര എന്നിവിടങ്ങിലായി ഡി.കെ. ശിവകുമാറുമായി ബന്ധമുള്ള 14 ഇടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ദൊഡ്ഡലഹള്ളിയിലെ ശിവകുമാറിന്റെ വീട്ടിലടക്കം നടന്ന റെയ്ഡില്‍ 50 ലക്ഷം രൂപ സിബിഐ സംഘം കണ്ടെത്തിയിരുന്നു.

സിബിഐ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ക്ക് മകനെ വലിയ ഇഷ്ടമാണ്. അവര്‍ ഇടയ്ക്കിടെ വരും. അവര്‍ പരിശോധിക്കട്ടെ, വേണ്ടതെന്താണെന്നുവെച്ചാല്‍ എടുക്കട്ടെ. ഇനി ഒന്നും കിട്ടിയില്ലെങ്കില്‍ എന്റെ മകനെ അറസ്റ്റ് ചെയ്യുകയും ചെയ്യട്ടെ- ഗൗരമ്മ പറഞ്ഞു.

റെയ്ഡിനെ തുടര്‍ന്ന്‌ അനധികൃത സ്വത്ത് സമ്പാദനത്തില്‍ ശിവകുമാറിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെയും രണ്ട് തവണ ശിവകുമാറിന്റെ വസതിയിലും ഓഫീസുകളിലും റെയ്ഡ് നടക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.