ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു തെരഞ്ഞെടുപ്പ്: സ്റ്റുഡിയോകൾ ബുക്ക് ചെയ്യുവാൻ രാഷ്ട്രീയക്കാർ ഓട്ടം തുടങ്ങി

single-img
6 October 2020

ഈ കോവിഡ് കാലം പുതിയൊരു തെരഞ്ഞെടുപ്പ് രീതിയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. വരുന്ന തദ്ദേശ്വയംഭരണ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് വീടുവീടാനന്തരം കയറിയിറങ്ങി പ്രചരണം നടത്താൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് പുതിയൊരു പ്രചരണ പരിപാടികൾ രൂപം കൊള്ളുന്നതും സമൂഹത്തിൽ ശ്രദ്ധയാകർഷിക്കുന്നതും. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും വെർച്വൽ പ്രസംഗങ്ങളുടെ സാധ്യതയെക്കുറിച്ചാണ് ഇപ്പോൾ കേരളം സംസാരിക്കുന്നത്. 

സ്റ്റുഡിയോയിലെത്തി പ്രസംഗിക്കുക. മുന്നിൽ അണികളുണ്ടെങ്കിലെ പ്രസംഗം വരൂ എന്നുള്ളവർക്ക് സ്റ്റുഡിയോക്കാർ പ്രസംഗപീഡത്തിന് എതിർ വശം വലിയ സ്ക്രീനിൽ അണികളെയും പാർട്ടി പതാകയും വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. അവ കണ്ട് വ്യക്തിക്ക് പ്രസംഗം പൂർത്തിയാക്കാം. തുടർന്ന് പ്രസംഗത്തിൽ പരാമർശിച്ച കാര്യങ്ങളെ ആസ്പദമാക്കിയുള്ള ദൃശ്യങ്ങൾ പ്രാസംഗികന് പിന്നിൽ മാറിമറിയുന്ന രീതിയിലാക്കി സി.ഡിയിൽ നൽകുകയാണ് ചെയ്യുന്നത്. 

അന്ന് എന്താണ് സംഭവിച്ച്, ഇന്നത്തെ മുഖ്യമന്ത്രി അന്ന് എന്താണ് പറഞ്ഞത് എന്നൊക്കെയുള്ള ചോദ്യങ്ങൾ പ്രാസംഗികൻ ഉന്നയിക്കുമ്പോൾ മുഖ്യമന്ത്രി അന്ന് പറഞ്ഞ ദൃശ്യം അതേപടി സ്ക്രീനിൽ തെളിയും. ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് പ്രസംഗകൻ പറയുമ്പോൾ  പ്രതിപക്ഷം അന്ന് സ്വീകരിച്ച കാര്യങ്ങളുടെ ദൃശ്യവും സ്ക്രീനിൽ  പ്രത്യക്ഷപ്പെടും. ഇതുപോലെ ഏത് വിഷയവും ഏതു രീതിയിലും സ്റ്റുഡിയോയിൽ തയ്യാറാക്കാം എന്നുള്ളതാണ് ഇതിൻ്റെ പ്രത്യേകത. 

നൂതന സാങ്കേതിക വിദ്യകൾ അവതരിക്കുന്നതിനു തുല്യമായ സാഹചര്യമാണ് ഇതുമൂലം സമൂഹം സാക്ഷ്യം വഹിക്കുന്നത്. സ്റ്റേജിനും പന്തലിനും മൈക്കിനും അലങ്കാരത്തിനും പണം മുടക്കേണ്ട്. മാത്രമല്ല വെർച്വൽ പരിപാടികൾക്ക് കാഴ്ചക്കാർ കൂടുകയും ചെയ്യും. ഇതെല്ലാമാണ് ഇതിൻ്റെ മേന്മ. 

വെർച്വൽ രീതിയിൽ ഒരു മണിക്കൂർ പ്രസംഗത്തിന് 6,000 രൂപയാണ് ചില സ്റ്റുഡിയോ ഉടമകൾ ഈടാക്കുന്നത്. ഇത് 20 മിനിറ്റ്‌ വീതമുള്ള മൂന്ന് പ്രസംഗമാക്കിയും നൽകും. ഈ പ്രസംഗങ്ങൾ പ്രക്ഷേപണം ചെയ്തു കഴിയുമ്പോൾ അടുത്ത പ്രസംഗവും ഷൂട്ട് ചെയ്ത് തയ്യാറാകും. ഈ പ്രസംഗങ്ങളൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരിക്കും പ്രചാരണം നടക്കുന്നത്. 

വെർച്വൽ പ്രസംഗങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ രാഷ്ട്രീയക്കാർ ഒരുങ്ങുമ്പോൾ സ്റ്റുഡിയോകളും തയ്യാറാദയിക്കഴിഞ്ഞു. പല സ്റ്റുഡിയോകളിലും ബുക്കിംഗ് എത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.