യോഗി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചന: വിചിത്രമായ എഫ്ഐആറുമായി ഹാഥ്രസ് പൊലീസ്

single-img
5 October 2020

ദേശീയതലത്തിൽ വിവാദമായ ഹാഥ്രസ് സംഭവത്തിന് പിന്നാലെ വിചിത്രമായ വാദവുമായി ഹാഥ്രസ് പൊലീസ് (Hathras Police). ഹാഥ്രസിൽ 19 വയസുള്ള ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസുമായി ബന്ധപ്പെട്ട് യോഗി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഹാഥ്രസിലെ ചന്ദ്പാ പൊലീസ് സ്റ്റേഷനിൽ (Chandpa Police Station) എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ഹാത്രസ് കൊലപാതകവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരായി ഗൂഢാലോചന നടത്തുകയും ജനങ്ങളെ ജാതിയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് കലാപമുണ്ടാക്കുകയും ചെയ്തു എന്നാണ് ആരോപണം.



ജസ്റ്റിസ് ഫോർ ഹാഥ്രസ് വിക്ടിം (Justice For Hathras Victim) എന്ന പേരിലുള്ള ഒരു വെബ് പേജ് (justiceforhathrasvictim.carrd.co) ഉപയോഗിച്ച് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ വാദം. കാർഡ് (carrd) എന്ന ബ്ലോഗിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത ഈ വെബ്പേജ് ഇപ്പോൾ ലഭ്യമല്ല. എന്നാൽ ഹാഥ്രസ് സംഭവത്തിനെതിരായ പ്രതിഷേധസമരങ്ങളുടെയും ഓൺലൈൻ നിവേദനങ്ങളുടെയും പട്ടിക മാത്രമായിരുന്നു ഈ വെബ്സൈറ്റിലുള്ളതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. പ്രതിഷേധസമരങ്ങളിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്. എന്നാൽ യു എസിലെ ‘ബ്ലാക്ക് ലൈവ്സ് മാറ്റേഴ്സ്’ പ്രതിഷേധങ്ങളിൽ ഉപയോഗിച്ചിരുന്ന നിർദ്ദേശങ്ങൾ ഏതാണ്ട് അതേപടി പകർത്തിയെഴുതിയാണവ.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 109 (കുറ്റം ചെയ്യാൻ പ്രേരണയുണ്ടാക്കുക), 120ബി (ഗൂഢാലോചന), 124 എ (ദേശദ്രോഹം), 153 എ (ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കൽ), 153 ബി (ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുക), 420 (വഞ്ചന) എന്നീ വകുപ്പുകളാണ് എഫ് ഐ ആറിലുള്ളതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. തെറ്റായ തെളിവുകൾ നൽകുന്നതിനായി ഭീഷണിപ്പെടുത്തുക, അപകീർത്തികരമായ കാര്യങ്ങൾ അച്ചടിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുക, വ്യാജരേഖ ചമയ്ക്കൽ, ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചാർത്തുന്നതിനായി വ്യാജ തെളിവുകൾ ഉണ്ടാകുക തുടങ്ങിയ ആരോപണങ്ങളും എഫ് ഐ ആറിൽ ഉണ്ട്. ഐടി ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

Content: Hathras police claims ‘international plot’ to defame Yogi govt; FIR lodged