ചികിത്സയിലിരിക്കേ ട്രംപ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു പുറത്തിറങ്ങി: ആരോഗ്യവാനാണെന്നു അണികളെ ബോധ്യപ്പെടുത്താനാണെന്നു വിശദീകരണം

single-img
5 October 2020

കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു പുറത്തിറങ്ങിയതായി ആരോപണം. താന്‍ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താനാണ് പുറത്തിറങ്ങിയത് എന്നാണ് ട്രംപിന്റെ വിശദീകരണം. ഞായറാഴ്ച ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തില്‍ ആശുപത്രിക്ക് പുറത്തെത്തിയ ട്രംപ് അനുയായികളെ കൈവീശിക്കാണിക്കുകയും കുറച്ചു സമയത്തിന് ശേഷം ആശുപത്രിയിലേക്ക് തിരികെ കയറുകയും ചെയ്തു.

ട്രംപിൻ്റെ പ്രവർത്തിക്കെതിരെ ആരോഗ്യ വിദഗ്ധർ അടക്കം രംഗത്ത് എത്തിയിരിക്കുകയാണ്. വാഷിങ്ടണിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയിൽ കഴിയുന്നത്. ട്രംപ് സഞ്ചരിക്കാന്‍ ഉപയോഗിച്ച വാഹനത്തിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകളും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പോകേണ്ടി വന്നുവെന്ന് ആളുകള്‍ കുറ്റപ്പെടുത്തുന്നു.

 അതേസമയം ട്രംപിനൊപ്പം കാറിലുണ്ടായിരുന്നവരും സമീപത്തുണ്ടായിരുന്നവരും പിപിഇ കിറ്റടക്കമുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നുവെന്ന് വിവാദത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിഛായ വര്‍ധിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.