സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത പെൺകുട്ടിയെ വധുവായി വേണമെന്ന പരസ്യം നൽകി യുവാവ്: വിവാഹം നടക്കാൻ സാധ്യതയില്ലെന്ന് സമൂഹമാധ്യമങ്ങൾ

single-img
5 October 2020

വ്യത്യസ്തമായ ഒരു വിവാഹപരസ്യം ട്വിറ്ററിൽ വെെറലാകുകയാണ്. സാധാരണയായി കാണുന്ന വിവാഹപരസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി സമൂഹമാധ്യമങ്ങളിൽ തൽപരയല്ലാത്ത വധുവിനെ തേടിയുള്ള പരസ്യമാണ് ശ്രദ്ധയാകർഷിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഗ്വാനാണ്  ട്വിറ്ററില്‍ ഈ വിവാഹ പരസ്യം പോസ്റ്റു ചെയ്തത്. ബംഗാള്‍ സ്വദേശിയായ യുവാവിന്റെ വിവാഹപരസ്യത്തിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടാണ് അദ്ദേഹം ട്വറ്ററിലൂടെ പങ്കു വച്ചത്. 

‘സുന്ദരനും സുമുഖനും സല്‍സ്വഭാവിയുമായ ഹൈക്കോടതി അഭിഭാഷകനും ഗവേഷകനുമായ സ്വന്തമായി വീടും കാറുമുള്ള, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കമര്‍പുകുര്‍ സ്വദേശിയായ പ്രത്യേക ഡിമാന്റുകളൊന്നുമില്ലാത്ത  മുപ്പത്തിയേഴുകാരന്‍, സുന്ദരിയും സുമുഖയും ഉയരമുള്ളതും മെലിഞ്ഞതുമായ വധുവിനെ തേടുന്നു, വധു സോഷ്യല്‍ മീഡിയയ്ക്ക് അടിമയായിരിക്കരുത’. ഇതാണ് പരസ്യത്തിലെ ഉള്ളടക്കം. 

പുരോഗമനചിന്താഗതിക്കാരായ വധൂവരന്മാരുടെ ശ്രദ്ധയ്ക്ക്, പങ്കാളിയെ തിരയുന്നതിന്റെ മാനദണ്ഡങ്ങള്‍ മാറിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് സംഗ്വാന്റെ ട്വീറ്റ്. അവസാനവരി ചുവന്ന മഷി കൊണ്ട് വരച്ചാണ് സംഗ്വാന്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത്. 

സമുഹമാധ്യമങ്ങളിലൂടെ തന്നെ ഇത്തരത്തിലൊരു പരസ്യം നല്‍കിയതാണ് യുവാവിനു വിനയായതും ആളുകളെ രസിപ്പിച്ചതും. വധുവിനെ കണ്ടെത്താന്‍ ഇയാള്‍ പ്രയാസപ്പെടുമെന്നും ചിലപ്പോള്‍ അവിവാഹിതനായി തന്നെ മരിക്കേണ്ടി വരുമെന്നുമാണ് ചിലർ കമൻ്റ് ചെയ്തിരിക്കുന്നത്. മറ്റു ചിലർ ദേവലോകത്ത് വധുവിനെ കണ്ടെത്താമെന്നും പറയുന്നുണ്ട്.