ഹാഥ്‌രസില്‍ രാത്രിയില്‍ സംസ്‌കരിച്ചത് പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹമാണെന്ന് ഉറപ്പില്ല: ഉറപ്പാകുന്നതുവരെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കള്‍

single-img
5 October 2020

രാത്രിയില്‍ സംസ്‌കരിച്ചത് ആരെയെന്ന് ഉറപ്പിക്കാതെ ഹാഥ്‌രസില്‍ ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യില്ലെന്ന് ബന്ധുക്കളുടെ തീരുമാനം. മനുഷ്യത്വത്തിന്റെ പേരിലാണ് ചിതാഭസ്മം സൂക്ഷിച്ചുവച്ചിരിക്കുന്നതെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ വ്യക്തമാക്കി. 

അവളുടെ മുഖംപോലും തങ്ങളെ കാണിച്ചില്ലെന്നും മനുഷ്യത്വത്തിൻ്റെ പേരിലാണ് ചിതാഭസ്മം ഏറ്റുവാങ്ങിയതെന്നും സഹോദരൻ പറഞ്ഞു. അതു ചിലപ്പോള്‍ മറ്റാരുടേതെങ്കിലും ആയിരിക്കാം. അത് അവളുടെ ചിതാഭസ്മം അല്ലെങ്കിലും തൂവിക്കളയരുതല്ലോ എന്നു കരുതിയാണ് ഏറ്റുവാങ്ങിയത്.” – സഹോദരന്‍ വ്യക്തമാക്കി. 

ഞങ്ങള്‍ നുണപരിശോധനയ്ക്കു വിധേയമാവണം എന്നാണ് ഇപ്പോള്‍ പറയുന്നതെന്നും സഹോദരൻ പറഞ്ഞു. അതെന്തിനാണെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. ഞങ്ങള്‍ ഒരു നുണയും പറയുന്നില്ല. അവര്‍ പ്രതികളുടെയും പൊലീസുകാരുടെയും നുണ പരിശോധന നടത്തട്ടെ. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സഹോദരന്‍ പറഞ്ഞു.

ഹാഥ്‌രസില്‍ മേല്‍ജാതിക്കാരുടെ ആക്രമണത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംസ്‌കരിച്ചത്. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ചാമവയലില്‍ ആണ് പൊലീസ് ചിതയൊരുക്കിയത്. വീട്ടുകാരെ പൂട്ടിയിട്ടുകൊണ്ടായിരുന്നു പൊലീസ് സംസ്‌കാരം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

പത്തൊന്‍പതുകാരിയായ പെണ്‍കുട്ടിക്ക് രണ്ടു സഹോദരന്‍മാരും രണ്ടു സഹോദരിമാരുമാണുള്ളത്.