പ്രതികള്‍ ബലംപ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ഹാഥ്‌രസ് പെണ്‍കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട്: ഗൂഡാലോചനയിലേക്ക് വെളിച്ചം വീശി ഗർഭനിരോധന ഉറകൾ

single-img
4 October 2020

രാജ്യത്തെ ഞെട്ടിച്ച ഹാഥ്‌രസ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട് പുറത്ത്. പ്രാഥമിക പരിശോധനയില്‍ പ്രതികള്‍ ബലംപ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് അലിഗഡ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ യുവതിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് യുപി സര്‍ക്കാരും പൊലീസും ആവര്‍ത്തിച്ചത്. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് തീര്‍ത്തും വിരുദ്ധമാണ് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ലൈംഗിക പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് എട്ട് ദിവസത്തിന് ശേഷമാണെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. പെൺകുട്ടി ഈ സമയം മുഴുവൻ അബോധവാസ്ഥയിലായിരുന്നു. അതിനാലാണ് ഈ വിവരം അറിയിക്കാന്‍ കഴിയാതിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ സെപ്റ്റംബര്‍ 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. ഇതിൻ്റെ ഭാഗമായിട്ടാകാം പ്രതികള്‍ പ്രതിരോധമാര്‍ഗങ്ങള്‍ എന്ന രീതിയില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചതെന്നും പറയപ്പെടുന്നു. 

ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്. സാംപിളുകള്‍ അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടടപ്പെട്ടിട്ടുണ്ടായേക്കാമെന്നും ആരോഗ്യ വിദഗ്ദർ പറയുന്നുണ്ട്.