ട്രംപിൻ്റെ ആരോഗ്യ നിലയിൽ ആശങ്ക: ഏതാനും ദിസങ്ങൾ നിർണ്ണായകമെന്ന് സന്ദേശം

single-img
4 October 2020

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ പ്രചരിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് റിപ്പോർട്ടുകൾ. കോവിഡ് പോസിറ്റീവായ ട്രംപിന്റെ ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വീഡിയോയിലൂടെയാണ് ട്രംപ് തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ചത്. 

വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. ഇപ്പോള്‍ ആരോഗ്യനില മെച്ചപ്പെട്ടതായി തോന്നുന്നുണ്ട്. എന്നാല്‍ അടുത്ത ഏതാനും ദിവസത്തെ അവസ്ഥ എന്താവും എന്ന് പറയാനാവില്ല. അതാണ് യഥാര്‍ഥ പരീക്ഷണം. അടുത്ത ദിവസങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കാണാമെന്നും ട്രംപ് വീഡിയോയില്‍ പറയുന്നു. 

ആശുപത്രിയില്‍ എത്തിയപ്പോള്‍ എനിക്ക് ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് അമേരിക്കയെ വീണ്ടും മഹത്തരമാക്കണം. നമുക്ക് ജോലി തീര്‍ക്കേണ്ടതുണ്ട്. കോവിഡ് ബാധിതരായ എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പൊരുതുന്നത് എന്നും വീഡിയോയില്‍ ട്രംപ് പറയുന്നു. 

എന്നാല്‍ ട്രംപിന് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹൃദയത്തിന്റേയും വൃക്കയുടേയും കരളിന്റേയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും, പനി മാറിയെന്നും മെഡിക്കല്‍ ടീമില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാർ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.