കത്തിയും മദ്യക്കുപ്പികളും കൊണ്ട് പോലീസിനെ ആക്രമിച്ചു; ദുബായില്‍ ഒമ്പത് വിദേശികള്‍ അറസ്റ്റില്‍

single-img
4 October 2020

അനധികൃതമായി മദ്യം സൂക്ഷിച്ച സംഘത്തെ പിടികൂടാനെത്തിയ പോലീസിനെ കത്തിയും മദ്യക്കുപ്പികളും കൊണ്ട് ആക്രമിച്ച ഒമ്പത് വിദേശികള്‍ ദുബായിൽ അറസ്റ്റില്‍. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷംദുബായ് പ്രാഥമിക കോടതിയില്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ മാസം ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിന് സമീപം അനധികൃതമായി മദ്യം കടത്തിയ മൂന്നു പേരെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു പോലീസ് സംഘം.

ഈ സമയം ഒമ്പത് നൈജീരിയ സ്വദേശികള്‍ ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥനെ കത്തിയും മദ്യക്കുപ്പികളും കൊണ്ട് ആക്രമിക്കുകയായിരുന്നെന്ന് രേഖകളില്‍ പറയുന്നു. അനധികൃതമായി മദ്യം സൂക്ഷിക്കുന്ന വിവരം അറിഞ്ഞ പോലീസ് രാത്രി 11 മണിയോടെ സ്ഥലം റെയ്ഡ് ചെയ്യുകയും മൂന്ന് മദ്യ കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പോലീസിന്റെ അറസ്റ്റ് പ്രതിരോധിക്കാന്‍ ഇവര്‍ ശക്തമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും പോലീസ് ഇവരെ ചോദ്യം ചെയ്യാനായി വാനില്‍ കയറ്റി ജബല്‍ അലി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ മൂന്ന് പേരുമായി വാന്‍ മുമ്പോട്ട് പോയപ്പോള്‍ ഒരു സംഘം ആളുകള്‍ കത്തിയും മദ്യക്കുപ്പികളുമായി എത്തി പോലീസിനെ വഴിയില്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ 23കാരനായ സ്വദേശി പോലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ മദ്യക്കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഘര്‍ഷത്തില്‍ ഇവര്‍ ഒരു പോലീസുകാരന്റെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. അതിന് ശേഷം പൊലീസ് ഇവരെ പിടികൂടി. പ്രതികള്‍ ആക്രമിക്കാനുപയോഗിച്ച കത്തി, മദ്യ വില്‍പ്പനയിലൂടെ ലഭിച്ച പണം എന്നിവ പ ലീസ് പിടിച്ചെടുക്കുകയും ചെയ്തു.