യോഗി സർക്കാരിൻ്റെ മുഖം രക്ഷിക്കാൻ പിആർ ഏജൻസി രംഗത്ത്: പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് കാട്ടി വിദേശമാധ്യമങ്ങൾക്ക് കുറിപ്പെത്തി

single-img
3 October 2020

ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഗ്രാമത്തിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കാന്‍ ഒടുവില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറായെന്നു റിപ്പോർട്ടുകൾ. അതിനിടെ, യോഗി സര്‍ക്കാരിൻ്റെ മുഖം രക്ഷിക്കാന്‍ പിആര്‍ ഏജന്‍സിയെ നിയോഗിച്ചുവെന്ന റിപ്പോര്‍ട്ടും പറത്തുവരുന്നു. 

മുംബൈയില്‍ നിന്നുള്ള പി.ആര്‍ ഏജന്‍സിയെയാണ് നിയോഗിച്ചിരിക്കുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് കാണിച്ച് വാര്‍ത്താക്കുറിപ്പ് ഈ ഏജന്‍സിയില്‍ നിന്ന് വിദേശ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളിലേക്ക് എത്തിയതായും റിപ്പോർ്ടുകൾ പുറത്തു വരുന്നുണ്ട്. 

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ഗ്രാമത്തിലെ അന്വേഷണം ഏറെക്കൂറെ പൂര്‍ത്തിയായതിനാലാണ് മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതെന്ന് സബ് കളക്ടര്‍ പ്രേം പ്രകാശ് പറഞ്ഞു. 144 പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അഞ്ചില്‍ കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ കടത്തിവിടില്ല.

ഇരയുടെ കുടുംബാംഗങ്ങളുടെ ഫോണ്‍ പിടിച്ചുവെച്ചു എന്നതടക്കമുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കളക്ടർ അറിയിച്ചു. ഇപ്പോള്‍ മാധ്യമങ്ങളെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മറ്റ് സംഘങ്ങളെ പ്രവേശിപ്പിക്കാനുള്ള ഉത്തരവ് വരുമ്പോള്‍ അത് പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രാമത്തിലേക്കുള്ള അതിര്‍ത്തി അടച്ച പൊലീസ് ഈ മാസം ഒന്നു മുതല്‍ ആരേയും ഉള്ളിലേക്ക് കടത്തിവിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ എം.പിമാരെ തടഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് തടഞ്ഞിരുന്നു.