യുവജനങ്ങളോട് വിവാഹം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ച് ഒരു സർക്കാർ; അനുസരിച്ചാല്‍ നാലു ലക്ഷം രൂപ നല്‍കും

single-img
3 October 2020

നിങ്ങള്‍ വിവാഹം ചെയ്യുമോ എങ്കില്‍ സര്‍ക്കാരിന്റെ വകയായി നാലു ലക്ഷം രൂപ തലഭിക്കും. അത്ഭുതം വേണ്ട, സത്യമാണ്. എന്നാല്‍, നമ്മുടെ രാജ്യത്തല്ല എന്ന് മാത്രം. തങ്ങളുടെ രാജ്യത്തെ യുവജനങ്ങൾ കല്യാണം കഴിക്കണം എന്ന അഭ്യർത്ഥനയുമായി ഇറങ്ങിയിരിക്കുകയാണ് ജപ്പാനില്‍ സർക്കാർ. ഇതിന് കൃത്യമായ ഒരു ലക്ഷ്യമുണ്ട്. അതായത്, വെറുതെയല്ല വാഗ്ദാനം എന്ന് സാരം. രാജ്യത്തിലെ കുറഞ്ഞ ജനനനിരക്ക് മറികടക്കാൻ നവദമ്പതികൾക്കായി ഈ വിത്യസ്തമായ സാമ്പത്തികനയമാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി വിവാഹിതരാകുന്ന നവദമ്പതികൾക്ക് 6,00,000 യെൻ (ഏകദേശം 4.2 ലക്ഷം രൂപ) ആണ് ജപ്പാൻ സർക്കാർ വെറുതെ നൽകുന്നത്. അതേപോലെ തന്നെ മുനിസിപ്പാലിറ്റി പരിധിയിൽ ജീവിക്കാൻ തീരുമാനിക്കുന്ന നവദമ്പതികൾക്ക് സർക്കാർ പൂർണ പിന്തുണയും ഉറപ്പ് നല്‍കുകയും ചെയ്യും. കേട്ടാല്‍ എളുപ്പം എന്ന് തോന്നിയാലും അല്പം ബുദ്ധിമുട്ടുള്ള ഘട്ടങ്ങള്‍ സർക്കാരിന്റെ പണം ലഭിക്കാന്‍ കടക്കണം. ഇതിനായി ചില മാനദണ്ഡങ്ങൾ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

അതില്‍ ഒന്നാമത്തേത്, വിവാഹിതരാകുന്നവർ 40 വയസിന് താഴെയുള്ളവർ ആയിരിക്കുകയും ഇരുവരുടെയും മൊത്ത വരുമാനം 38 ലക്ഷം രൂപയ്ക് താഴെയായിരിക്കുകയും വേണം. അതേസമയം 35 വയസിൽ താഴെയുള്ളവർക്ക് ചില ഇളവുകളുണ്ട്. ഇത്തരത്തില്‍ ഉള്ളവരുടെ വരുമാനം 33 ലക്ഷത്തിലും താഴെയാണെങ്കിൽ വിവാഹത്തിന് 2.1 ലക്ഷം രൂപയായിരിക്കും നൽകുക.

ഇവര്‍ക്ക് ആവശ്യമായ വാടക, നിക്ഷേപം, ഇളവുകൾ, സ്ഥലം മാറുന്ന ചെലവുകൾ എന്നിവയുൾപ്പെടെ വിവിധ ജീവിത ചെലവുകളാണ് സര്‍ക്കാര്‍ പോളിസി തുകയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ വിവാഹത്തിനുള്ള തുക കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം ജപ്പാനിലെ ആളുകൾ വൈകി വിവാഹം കഴിക്കുകയോ അല്ലെങ്കിൽ അവിവാഹിതരായി തുടരുകയോ ആണ് ചെയ്യുന്നത്.ഈ രീതിക്ക് മാറ്റം വരുത്തുന്നതിനാണ് നവദമ്പതികൾക്ക് സാമ്പത്തികസഹായം നൽകാൻ സർക്കാർ ഇപ്പോള്‍ തീരുമാനിച്ചത്.