രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; ബിജെപിയുടെ മഹിളാ മോർച്ച ജില്ലാ അധ്യക്ഷ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

single-img
2 October 2020

ജയ്പ്പൂർ: രാജസ്ഥാനിലെ സാവോയ് മാധോപ്പൂരിൽ (Sawai Madhopur) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ബിജെപിയുടെ മഹിളാ മോർച്ച അധ്യക്ഷ ഉൾപ്പടെ 5 പേർ അറസ്റ്റിൽ. പെൺകുട്ടിയും,ആയി സൌഹൃദം സ്ഥാപിച്ച പ്രതികൾ കുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോർച്ചയുടെ സവോയ് മാധോപൂർ ജില്ലാ അധ്യക്ഷ സുനിതാ വെർമ (Sunita Verma), അവരുടെ കൂട്ടാളിയും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജീവനക്കാരനുമായ ഹീരാലാൽ, ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുന്ന രാജു റൈഗർ എന്നിവരാണ് അറസ്റ്റിലായതെന്ന് സാവോയ് മാധോപ്പൂർ പൊലീസ് ഡെപ്യൂട്ടി സൂ‍പ്രണ്ട് ഓം പ്രകാശ് സോളങ്കി ഇവാർത്തയോട് പറഞ്ഞു. കേസിൽ സുനിതാ വെർമ അറസ്റ്റിലായതിന് ശേഷം ഇവരെ മഹിളാ മോർച്ച അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയിട്ടുണ്ട്.

സുനിതാ വെർമയുടെ വീട്ടിൽ ഇലക്ട്രിക്കൽ ജോലികൾ ചെയ്തതിന് രാജു റൈഗറിന് അവർ 2000 രൂപ നൽകാനുണ്ടായിരുന്നു. ഇത് പലതവണയായി ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകിയില്ല. എന്നാൽ പിന്നീട് ഇതിന് പകരമായി ഈ പെൺകുട്ടിയെ രാജുവിന് ലൈംഗിക ചൂഷണത്തിനായി വിട്ടുകൊടുത്തതായും പരാതിയിൽ പറയുന്നു.

കേസിലെ മറ്റൊരു പ്രതിയായ പൂനം ചൌധരി എന്ന് വിളിക്കപ്പെടുന്ന പൂജ ചൌധരി കോൺഗ്രസ് നേതാവാണ്. ഇവർ കുട്ടി പഠിക്കുന്ന സ്കൂളിലെത്തി കുട്ടിയുമായി സൌഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല വീഡിയോകൾ കാട്ടി കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് ഓം പ്രകാശ് സോളങ്കി ഇവാർത്തയോട് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി എട്ടുപ്രാവശ്യമാണ് പ്രതികൾ കുട്ടിയെ പീഡിപ്പിച്ചത്. ഇതിന് കുട്ടിയ്ക്ക് ഹീരാലാലും സുനിത വെർമയും പ്രതിഫലം നൽകിയതായും പൊലീസ് അന്വേഷണത്തിൽ മനസിലാക്കിയിട്ടുണ്ട്.

കഴിഞ്ഞമാസം 22-നാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. അഞ്ച് പ്രതികളാണ് കേസിലുള്ളത്. ബാക്കി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Content: 5 People including BJP Mahila Morcha district chief arrested in Rajasthan for alleged rape of a minor in Sawai Madhopur