ഇപ്പോൾ പുറത്ത് നിന്ന് ബിജെപിയിലേക്ക് വരുന്നവർ പ്രശ്‌നക്കാരാണ്, കേരളത്തിൽ നിന്നും തീവ്രവാദികളെ അറസ്റ്റു ചെയ്യുന്നുവെന്ന ദേശീയ അപകടം ബിജെപി മനസ്സിലാക്കണമെന്ന് പിപി മുകുന്ദൻ: ലക്ഷ്യം അബ്ദുള്ളക്കുട്ടിയും ടോം വടക്കനും?

single-img
2 October 2020

ബി.ജെ.പി പുന:സംഘടനയിൽ അതൃപ്‌തി അറിയിച്ച് മുതിർന്ന നേതാവ് പി.പി മുകുന്ദൻ രംഗത്ത്. പാർട്ടിക്കായി ജയിലിൽ പോയവരെയും കഷ്‌ടപ്പെട്ടവരെയും വിസ്‌മരിക്കരുതെന്നും സ്ഥാനങ്ങൾക്ക് വേണ്ടിയിട്ടല്ല ആദ്യകാല നേതാക്കൾ പ്രസ്ഥാനത്തിൽ എത്തിയതെന്നും കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ പിപി മുകുന്ദൻ പറഞ്ഞു. 

ബി.ജെ.പിക്ക് ന്യൂനപക്ഷ പ്രീണനമില്ലെന്നും അതേസമയം വോട്ട് ബാങ്കിന് വേണ്ടിയാണ് കോൺഗ്രസും സി.പി.എമ്മും പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം നടത്തിയതെന്നും പിപി മുകുന്ദൻ പറഞ്ഞു.  ന്യൂനപക്ഷങ്ങളുടെ പൂർവികരും ഈ നാട്ടിൽ ഉളളവരാണ്. അല്ലാതെ പുറത്തു നിന്ന് വന്നവരല്ല. 

എന്നാൽ ഇപ്പോൾ പുറത്ത് നിന്ന് വരുന്ന ആൾക്കാർ പ്രശ്‌നക്കാരാണെന്നും പിപി മുകുന്ദൻ പറഞ്ഞു. പെരുമ്പാവൂരിൽ നിന്നും തിരുവനന്തപുരത്ത് നിന്നും തീവ്രവാദികളെ അറസ്‌റ്റ് ചെയ്യുകയാണ്. ഈ ദേശീയ അപകടം മനസിലാക്കി വേണം ബി.ജെ.പിയുടെ പ്രവർത്തനം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടോം വടക്കനോ അൽഫോൺസ് കണ്ണന്താനമോ രാമൻനായരോ അബ്ദുളളക്കുട്ടിയോ അവർ വന്നതിൽ അല്ല പ്രശ്‌നമെന്നും വന്ന ഉടനെ അവർക്ക് ചുമതല കൊടുക്കുന്നത് അവരെ ബുദ്ധിമുട്ടിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് വെറും പോസ്റ്റ് കൊടുക്കുന്ന പ്രസ്ഥാനമല്ല. ദേശീയ മാറ്റത്തിന് ഐഡിയോളജിസ്‌റ്റുകളെ സൃഷ്‌ടിക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുളള പുതിയ ടീമിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് സുരേന്ദ്രന്റെ ആവേശം കൊളളാമെന്നും എന്നാൽ കഴിഞ്ഞ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ ആർക്ക് പോയെന്ന് ഓർമ്മ വേണംമെന്നും പിപി മുകുന്ദൻ പറഞ്ഞു. എല്ലാം കോൺഗ്രസിന് പോകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

 ആവേശത്തിനൊപ്പം ആദർശവും കൂടിയുണ്ടായാലേ ട്രയിൻ മുമ്പോട്ടു പോകുവെന്നും അദ്ദേഹം പറഞ്ഞു.