സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കാൻ ഗാന്ധിയുടെ ആദർശങ്ങൾ നമ്മെ നയിക്കട്ടെ: മോദി

single-img
2 October 2020

151ാം ജയന്തി ദിനത്തിൽ രാഷ്ട്ര പിതാവ്‌ മഹാത്മ ഗാന്ധിയെ അനുസ്മരിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സമാധിയിലെത്തി പുഷ്പാർച്ചന നടത്തി. 

ഗാന്ധി ജയന്തി ദിനത്തിൽ പ്രിയപ്പെട്ട ബാപ്പുവിനെ നാം പ്രണമിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും ശ്രേഷ്ഠമായ ചിന്തകളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനുണ്ട്. സമൃദ്ധിയും അനുകമ്പയും നിറഞ്ഞ ഒരു ഇന്ത്യ സൃഷ്ടിക്കുന്നതിന് അദ്ദേഹത്തിന്റെ ആദർശങ്ങൾ നമ്മെ നയിച്ചുകൊണ്ടേയിരിക്കട്ടെ- മോദി ട്വീറ്റ് ചെയ്തു. 

മഹത്തായ ഈ രാജ്യത്തിന്റെ പേരിൽ ഗാന്ധി ജയന്തി ദിനത്തിൽ ബാപ്പുവിന് ആദരം അർപ്പിക്കുന്നു. മനുഷ്യകുലത്തിനാകെ പ്രചോദനത്തിന്റെ ഉറവിടമായി അദ്ദേഹം നിലകൊള്ളുന്നു- രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. 

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി എന്നിവരും രാഷ്ട്രപിതാവിനെ അനുസ്മരിച്ചു.