ഒരു ഫോൺ വേണമെങ്കിൽ ഗൾഫിൽ നിന്നും കൊണ്ടുവരാൻ നൂറുകണക്കിനു പ്രവർത്തകരുണ്ട്: സ്വപ്നയിൽ നിന്നും ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് ഒരു കോണ്‍ഗ്രസുകാരനുമില്ലെന്ന് കെ മുരളീധരൻ

single-img
2 October 2020

സ്വപ്‌ന സുരേഷ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്ന ആരോപണത്തെ തള്ളി കെ. മുരളീധരൻ. ആരോപണം ചെന്നിത്തല നിഷേധിച്ച കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 

സ്വപ്‌ന സുരേഷില്‍ നിന്ന് ഐ ഫോണ്‍ വാങ്ങേണ്ട ഗതികേട് ഒരു കോണ്‍ഗ്രസുകാരനുമില്ല. ഞങ്ങള്‍ക്കു ഒരു ഫോണ്‍ വേണമെങ്കില്‍ വേണമെങ്കില്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്നു തരാന്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുണ്ടെന്നും അദ്ദേഹം പറഞ്ഞൂ.

യൂണിടാക് എം ഡി സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ചെന്നിത്തലയ്ക്ക് ഫോൺ നൽകിയ വിവരം വെളിപ്പെടുത്തിയത്. സ്വപ്‍ന ആവശ്യപ്പെട്ടതനുസരിച്ച് അഞ്ച് ഐ ഫോൺ വാങ്ങിയെന്നും ഇതിലൊന്ന് ചെന്നിത്തലയ്ക്ക് നൽകിയെന്നുമാണ് സന്തോഷ് ഈപ്പൻ പറയുന്നത്. കൊച്ചിയിൽ നിന്ന് ഫോൺ വാങ്ങിയതിന്റെ ബില്ലും കോടതിക്ക് കൈമാറിയിട്ടുണ്ട്.

കോൺസുലേറ്റി​ലെ ചടങ്ങിൽ നറുക്കെടുപ്പിലെ വിജയികൾക്ക് മൊബൈൽ ഫോൺ അവരുടെ അഭ്യർത്ഥനപ്രകാരം സമ്മാനമായി​ നൽകുക മാത്രമാണ് ചെയ്തതെന്ന് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. സി പി എം സൈബർ ഗുണ്ടകൾ നിരന്തരമായി വേട്ടയാടുന്നുവെന്നും എന്നാൽ തളരില്ല, പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.