ചെന്നിത്തലക്ക് നൽകിയത് ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഐഫോൺ ആണെന്നു റിപ്പോർട്ടുകൾ: കിട്ടിയത് ഒരു ഷാൾ മാത്രമാണെന്ന് ചെന്നിത്തല

single-img
2 October 2020

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയത് ഒരു ലക്ഷത്തിലധികം വിലയുള്ള ഐഫോണാണെന്നു റിപ്പോർട്ടുകൾ. അഞ്ച് ഐഫോണുകളും കൊച്ചി ലുലു മാളിൽ നിന്നാണ് വാങ്ങിയതെന്നും 24 ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ഇതിൽ, 256 ജിബിയുടെ ഐഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്നാണ് സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചത്. 

2019 നവംബർ 29 അം തിയതിയാണ് മൊബൈൽ ഫോൺ വാങ്ങിയിയിട്ടുള്ളത്. ആകെ 3.93 ലക്ഷം രൂപക്കായിരുന്നു പർച്ചേസ്. ഇതിൽ 1.08 ലക്ഷം രൂപയുടെ ഫോൺ ചെന്നിത്തലയ്ക്ക് നൽകി. ഫോണുകൾ വാങ്ങിയ ബില്ലും സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകി. യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത്. യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായാണ് ഐ ഫോണുകൾ സ്വപ്‌ന വാങ്ങിയത് എന്നാണ് സന്തോഷ് ഈപ്പന വെളിപ്പെടുത്തിയത്. 

 ഈ അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്‌നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചുവെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. 

അതേസമയം ആരോപണത്തെ ചെന്നിത്തല എതിർത്തു. തനിക്കാരും ഐഫോൺ നൽകിയിട്ടില്ല. കോൺ‌സുലേറ്റിന്റെ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാൾ അവിടെ നിന്നും നൽകി. അതല്ലാതെ തനിക്ക് ആരും ഐഫോൺ നൽകിയിട്ടില്ലെന്നും പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.