‘നമ്മൾ കഴുതകൾ’; ബാബരി വിധിയിൽ പ്രതിഷേധ മുൻപേജുമായി ടെലിഗ്രാഫടക്കമുള്ള പ്രമുഖപത്രങ്ങൾ

single-img
1 October 2020

ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ പ്രതികളെ എല്ലാവരെയും വെറുതെ വിട്ട ലക്നൗ പ്രത്യേക സി.ബി.ഐ കോടതി വിധി രാജ്യത്തെ മുഴുവൻ തീർത്തും ഞെട്ടിക്കുന്നതായിരുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവില്ലെന്നാണ് കോടതി കണ്ടെത്തിയത്. കണ്‍മുന്നില്‍ കണ്ട ഒരു സംഭവത്തിന് തെളിവില്ലെന്ന് പറയുന്ന ജുഡീഷ്യറിയെ വിമർശിച്ചുകൊണ്ടാണ് പല പത്രങ്ങളും വിധി റിപ്പോർട്ട് ചെയ്തത്.

പത്രങ്ങളിലെ ഒന്നാം പേജില്‍ മാത്രമല്ല, എഡിറ്റോറിയല്‍ പേജുകളിലും വാര്‍ത്ത ബാബറി വിധി തന്നെയായിരുന്നു. ദേശീയ പ്രാദേശിക മാധ്യമങ്ങള്‍ക്കൊപ്പം, അന്തര്‍ദേശീയ ശ്രദ്ധ കൂടി നേടിയിട്ടുണ്ട് ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി. ഭൂരിഭാഗം പത്രങ്ങളിലും ബാബറി മസ്ജിദിന്‍റെയും കോടതി വെറുതെ വിട്ട പ്രതികളുടെയും ചിത്രങ്ങള്‍ ആദ്യ പേജില്‍ നല്‍കിയപ്പോള്‍, ടെലഗ്രാഫ് നല്‍കിയത് ഒരു കഴുതയുടെ ഫോട്ടോയാണെന്ന് മാത്രം.

‘കൂടെ നമ്മളാരാണ്’ എന്ന ചോദ്യമാണ് പത്രം ഉയര്‍ത്തുന്നത്. പൊതുജനം കഴുതാണെന്നല്ല, ജനത്തെ വീണ്ടും ഭരണകൂടം കഴുതയാക്കിയെന്ന് പത്രം വിളിച്ചു പറഞ്ഞിരിക്കുകയാണ്. വിധി കണ്ട് നമ്മള്‍ ഞെട്ടിയെങ്കില്‍, നമ്മളാരാണ് എന്ന് തിരിച്ചറിയണം എന്ന് എടുത്ത് പറഞ്ഞിട്ടു തന്നെയാണ് പത്രം കഴുതയുടെ ചിത്രം നല്‍കിയിരിക്കുന്നത്.

‘അപമാനകരമായ രണ്ട് പ്രവൃത്തികൾ. പ്രത്യാഘതങ്ങൾ ഒന്നുമില്ലാതെ, കത്തിക്കുന്നു പൊളിക്കുന്നു, ആശയങ്ങൾ ആരുടേതെന്ന് നിങ്ങൾ പൂരിപ്പിക്കുക’ ഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവും ബാബരി മസ്ജിദ് സംഭവത്തിലെ കോടതിവിധിയെയും ചൂണ്ടിക്കാട്ടി ‘മുംബൈ മിറർ’ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

‘ബാബരി പൊളിക്കൽ: ആരും കുറ്റക്കാരല്ല’ കേസിലെ പ്രതിയായ എൽ കെ അദ്ധ്വാനിയോടൊപ്പം ബാബരി മസ്ജിദ് തകർക്കുന്ന ചിത്രമാണ് ഇന്ത്യൻ എക്സ്പ്രസ്സ് പ്രസിദ്ധീകരിച്ചത്. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും കുറ്റവിമുതരാക്കിയാണ് കോടതി വിധിച്ചത്. ബാബറി മസ്ജിദ് മുൻകൂട്ടി ആസൂത്രണം ചെയ്തു തകർത്തതല്ലെന്നും കോടതി പറഞ്ഞു. പെട്ടെന്ന് സംഭവിച്ചതാണ്. കുറ്റക്കാർക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി പറഞ്ഞു.

കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നും കോടതി വിമർശിച്ചു. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചത്. സ്ഥലത്ത് ഒട്ടേറെപ്പേരുണ്ടായിരുന്നു. അവരിൽ ആരെങ്കിലുമാകാം കുറ്റക്കാരെന്നും കോടതി പറഞ്ഞു. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദ്രകുമാർ യാദവാണ് വിധി പ്രസ്താവിച്ചത്.