ഓരോ ദിവസത്തിലും​ കടലിലേയ്ക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു; സഞ്ചാരികൾക്ക് പ്രവേശനമില്ലാത്ത ഇന്ത്യയുടെ ഭാഗമായ വാൻ ദ്വീപിനെ അറിയാം

single-img
1 October 2020

സഞ്ചാരികള്‍ക്ക് വളരെ പ്രിയപ്പെട്ട ഇടമാണ് ശ്രീലങ്കയോട് അതിർത്തി പങ്കിടുന്ന ഇന്ത്യയുടെ ദേശീയോദ്യാനം ഗൾഫ് ഓഫ് മന്നാര്‍. ഇന്ത്യൻ അതിര്‍ത്തിക്കുള്ളിലെ സമുദ്രത്തിലുള്ള ദ്വീപ സമൂഹങ്ങളില്‍ ഏറ്റവും മനോഹരമായതും കാഴ്ചയിൽ വ്യത്യസ്തമായതുമായ ഒരു ദ്വീപാണ് വാൻ ദ്വീപ്. അതി സൂക്ഷ്മവും വൈവിധ്യമാര്‍ന്നതുമായ ജൈവസമ്പത്തിന്റെ കാര്യത്തിൽ ഈ ദ്വീപ് ഏറെ മുന്നിലാണെങ്കിലും ഓരോ ദിവസവും അല്‍പ്പാല്‍പ്പമായി കടലിലേക്ക് താഴുകയാണ് ഈ ദ്വീപ്.

ഗൾഫ് ഓഫ് മന്നാറിന്റെ ഭാഗമായി സ്ഥിതിചെയ്യുന്ന ആകെയുള്ള 21 ദ്വീപുകളിലൊന്നാണ് ഈ വാൻ ദ്വീപ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ മറൈൻ ബയോസ്ഫിയർ റിസർവ്വ് കൂടിയാണ് ഈ ദ്വീപ്. പൊതുവേ ഈ ദ്വീപ സമൂഹത്തിന് വളരെ ആഴം കുറ‍ഞ്ഞ കടലിടുക്കാണുള്ളത് എന്നതിനാല്‍ തന്നെ പരിസ്ഥിതിയിലും കാലാവസ്ഥയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൂലം ഇവിടം ഓരോ ദിവസവും വലിപ്പം കുറഞ്ഞ് ​ കടലിലേയ്ക്ക് താഴുകയും ചെയ്യുകയാണ്.

1986ൽ നടത്തിയ സര്‍വെ പ്രകാരം 16 ഹെക്ടർ ഉണ്ടായിരുന്ന ദ്വീപിന്റെ വിസ്തീർണം 2014 എത്തിയപ്പോള്‍ രണ്ട് ഹെക്ടറായി കുറഞ്ഞു. അത്ഭുതകരമായ ജൈവ വൈവിദ്ധ്യമുള്ള,​ പ്രത്യേക ആവാസ വ്യവസ്ഥ എന്നാണ് ഈ ദ്വീപിനെ യുനെസ്കോ നല്‍കിയിട്ടുള്ള വിശേഷണം. അതേസമയം ഈ ദ്വീപിനെയും ഇവിടുത്തെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ഇവിടെ കൃത്രിമ പവിഴപ്പുറ്റുകളും മണൽത്തിട്ടകളും ഒക്കെ വളരെ കാലമായി സ്ഥാപിച്ചിട്ടുണ്ട്.

എന്തൊക്കെ തരത്തിലുള്ള മുൻകരുതൽ എടുത്താലും 2022 ആകുന്നതോടെ ദ്വീപ് പൂർണ്ണമായും കടലിൽ ആഴുമെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ള വിദഗ്ദ്ധപഠനങ്ങൾനല്‍കുന്ന സൂചന. നിലവില്‍ അധികൃതര്‍ സഞ്ചാരികൾക്ക് ഇവിടേയ്ക്ക് പ്രവേശനം നല്‍കാറില്ല. അത്രയധികം ആഗ്രഹമുള്ള സഞ്ചാരികള്‍ക്ക് വാൻ ദ്വീപിൽ പോകുവാൻ സാധിച്ചില്ലെങ്കിലും സമീപമുള്ള മറൈൻ ബയോസ്ഫിയർ റിസർവ്വായ ഗൾഫ് ഓഫ് മാന്നാർ ബയോസ്ഫിയർ റിസർവ്വ് വരെ പോകാന്‍ സാധിക്കും.

തമിഴ്നാട് സംസ്ഥാനത്തിന്റെ കടലോരങ്ങളോട് ചേർന്നു സ്ഥിതി ചെയ്യുന്ന മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം,​ തൂത്തുക്കുടിക്കും ധനുഷ്ക്കോടിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാടിന്റെ സമുദ്ര തീരത്തു നിന്നും 1 മുതൽ 10 കിലോമീറ്റർ വരെ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ 160 കിലോമീറ്റർ നീളത്തിലാണ് ഈ ജൈവ വൈവിധ്യ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നത്.