നിരോധനാജ്ഞ ലംഘിച്ചു; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ കേസെടുത്ത് യുപി പോലീസ്

single-img
1 October 2020

യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവും എംപി രാഹുല്‍ ഗാന്ധിയ്ക്കും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയ്ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് യുപി പോലീസ്. പ്രദേശത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇവര്‍ ഇരുവര്‍ക്കും പുറമേ 203 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും എകോടെക്ക് പോലീസ് കേസെടുത്തിട്ടുണ്ട്.

ഇവര്‍ക്കെതിരെ സെക്ഷന്‍ 332, 353, 427, 323, 354 (ബി), 147,148 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും സന്ദര്‍ശന യാത്രയ്ക്കിടെ യു പിപോലീസ് കയ്യേറ്റം ചെയ്തിരുന്നു.

കോണ്‍ഗ്രസ്നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നത് തടയാന്‍ യുപി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിരോധം തീര്‍ക്കുകയും ഇതിന്റെ ഭാഗമായി ഹാത്രാസ് ജില്ലയില്‍ 144 പ്രഖ്യാപിക്കുകയും മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ
രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യാത്രയ്ക്കിടയില്‍ കരുതല്‍ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിക്കുകയും ചെയ്തിരുന്നു.

ഹത്രാസ് ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായില്‍ ജില്ലയുടെ അതിര്‍ത്തിയില്‍ വെച്ചായിരുന്നു രാഹുലിനേയും പ്രിയങ്കയേയും പോലീസ് തടഞ്ഞത്. ഇതിനെ തുടര്‍ന്ന് അവിടെ നിന്നും ഹാത്രാസിലേക്ക് കാല്‍നടയായി പോകാനായിരുന്നു രാഹുലും പ്രിയങ്കയും ശ്രമിച്ചത്.