മുരളീധരന് പിന്നാലെ കൊടിക്കുന്നില്‍; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം തുടരുന്നു

single-img
1 October 2020

എംപിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോണ്‍ഗ്രസില്‍ ശക്തമാണ് എന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്. ഈ അസത്യ പ്രചാരണം പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെയാണ് നടക്കുന്നതെന്നും കൊടിക്കുന്നില്‍ വിമർശിച്ചു. പാര്‍ട്ടി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ചവരെ പരിഗണിച്ചിട്ടില്ല. ഇതിനെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ടെന്നു കൊടിക്കുന്നില്‍ പറഞ്ഞു.

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം കെ മുരളീധരൻ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയും രൂക്ഷ വിമർശനം നടത്തിയത്. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാര്‍. എംപിമാര്‍ സ്ഥാനം രാജിവെച്ച് എംഎല്‍എമാരായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ ഒരു എംപിയും നിയമസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയോ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെയോ സമീപിച്ചിട്ടില്ല. പാര്‍ട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്തുന്നത്. ഇങ്ങനെ ഒരു ആരോപണം അഴിച്ചുവിട്ട്, ജനങ്ങള്‍ക്കിടയില്‍ അല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഞങ്ങള്‍ക്ക് അപഖ്യാതി ഉണ്ടാക്കുന്നു. അല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്- കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.