‘ആര്യാടൻ ഷൗക്കത്ത് സ്വത്തുക്കൾ നേടിയത് കർണാടകയിലും കേരളത്തിലും’; ബിനാമി ഇടപാടിലൂടെ കോടികളുടെ ആസ്തിയെന്ന പരാതി അന്വേഷിച്ച് ഇഡി

single-img
1 October 2020

കർണാടകയിലെ ഗുണ്ടൽപേട്ട്, കുടലൂര്, കക്കാടംപൊയിൽ തുടങ്ങിയ സ്ഥലങ്ങളിൽ കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിന് ബിനാമി ഇടപാടിൽ കോടിക്കണക്കിന് സ്വത്ത് ഉണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം തട്ടിപ്പിലൂടെയാണെന്നും പരാതി. പരാതി എൻഫോ‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചതായി അറിയുന്നു. നിലമ്പൂരിലെ മേരിമാതാ എജ്യുക്കേഷണല്‍ ട്രസ്റ്റ് മേധാവി സിബി വയലില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിലും ആര്യാടന്‍ ഷൗക്കത്തിനുള്ള ബന്ധത്തെക്കുറിച്ച് ഇഡി അന്വേഷണം നടത്തി.

ഷൗക്കത്ത് നിലമ്പൂർ നഗരസഭാ അധ്യക്ഷനായിരിക്കെ, സിബിയുടെ പരിപാടികൾ സ്പോൺസർ ചെയ്തതിനെക്കുറിച്ചായിരുന്നു പ്രധാന അന്വേഷണം. കേസിലെ മുഖ്യപ്രതി സിബി വയലിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിൽ രണ്ടു കോടിയോളം രൂപയുടെ സ്പോൺസർഷിപ്പുകളാണ് നൽകിയത് എന്നാണ് പരാതി.

സ്പോണ്‍സര്‍ഷിപ്പില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. തന്റെ പിഎയായ വിനോദുമായി ചേർന്നാണ് ആര്യാടന്‍ ഷൗക്കത്ത് അനധികൃത സ്വത്ത് സമ്പാദിച്ചത് എന്നും സിബി വയലിലിന്റെ ബിനാമിയാണ് ഷൗക്കത്ത് എന്നും പരാതിക്കാരനായ ഉണ്ണി ആരോപിച്ചു.

കോഴിക്കോട് കല്ലായിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഓഫീസില്‍ ബുധനാഴ്​ച രാവിലെ 11 മുതൽ വൈകീട്ട്​ നാലുവരെ ചോദ്യം ചെയ്യൽ തുടർന്നു. ബിനാമി ഇടപാടിലൂടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയിലെ വസ്തുത അറിയുകയായിയുന്നു എന്‍ഫോഴ്സമെന്റിന്റെ മറ്റൊരു ലക്‌ഷ്യം. നിലമ്പൂര്‍ മേഖലയിലെ മറ്റ് ചില നേതാക്കളേയും ചോദ്യം ചെയ്യാനായി ഇഡി അടുത്ത ദിവസങ്ങളില്‍ വിളിച്ചു വരുത്തുന്നുണ്ട്.

അതേസമയം, സിബിക്ക് നല്‍കിയ സ്പോണ്‍സര്‍ഷിപ്പിന്റെ കണക്കുകളാണ് ഇഡി ചോദിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എംബിബിഎസ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ക്ക് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി പത്തുകോടിയോളം രൂപ തട്ടിപ്പ് നടത്തിയതിന് വിവിധയിടങ്ങളില്‍ സിബിക്കെതിരെ കേസുണ്ട്.

സിബി മൂന്നു​ കോടി രൂപ കൈക്കൂലി നൽകി ‘ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചുവെന്നും​ പരാതിയുയർന്നിരുന്നു. നിലമ്പൂർ സ്വദേശിയായ സി ജി ഉണ്ണി മുഖ്യമന്ത്രിക്ക‌് പരാതി നൽകിയെ തുടർന്ന‌് ഡിജിപിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ‌് തട്ടിപ്പ‌് പുറത്തുവന്നത്​.

മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് സിബി തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ നവംബറിലാണ്​ കേസിൽ സിബി അറസ്​റ്റിലായത്​. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചക്ക ചിഹ്നത്തില്‍ വയനാട്ടില്‍ നിന്ന് സിബി മത്സരിച്ചിരുന്നു.