പെൺകുട്ടി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പറയണം; ഹത്രാസില്‍ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്

single-img
1 October 2020

യുപിയിലെ ഹത്രാസിൽ ‌ കൂട്ടമാനഭംഗബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്. പെൺകുട്ടി മരിച്ചത് കൊവിഡ് വെെറസ് ബാധിച്ചാണ് എന്ന് പറയണമെന്നുംഅല്ലെങ്കില്‍ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും മജിസ്ട്രേറ്റ് കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നു .

ഇത്തരത്തില്‍ ജില്ലാ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് പുറത്തുവിട്ടത്. “മാധ്യമങ്ങൾ ഇന്നുണ്ടാകും നാളെ അവർ പോകും, എന്നാല്‍ ഞങ്ങൾ എന്നും ഇവിടെയുണ്ടാകും, ഇപ്പോഴത്തെ തീരുമാനം മാറ്റാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്. അല്ലെങ്കില്‍ ഞങ്ങൾ മാറ്റും.”വീഡിയോയിൽ മജിസ്ട്രേറ്റ് പറയുന്നു.

അതി ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടി കൊവിഡ് ബാധിച്ച് മരിച്ചിരുന്നുവെങ്കിൽ ധനസഹായം കിട്ടുമായിരുന്നു. അതും പറഞ്ഞ് കുടുംബത്തെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നുവെന്നും പെൺകുട്ടിയുടെ സഹോദരന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതര്‍ തങ്ങളെ അവിടെ താമസിക്കാൻ അനുവദിക്കില്ലെന്നും പ്രസ്താവന തിരുത്താൻ ആവശ്യപ്പെടുന്നുവെന്നും കുടുംബം ആരോപിക്കുന്നു.