അബ്‌ദുള്ളക്കുട്ടിയുടെ നിയമനം: ആർഎസ്എസിന് അതൃപ്തി; അവസരം പ്രതിയോഗികളുടെ ബന്ധുക്കൾക്കെന്ന് വിമർശനം

single-img
1 October 2020

ദേശീയ വൈസ്‌പ്രസിഡന്റായി എപി അബ്‌ദുള്ളക്കുട്ടിയെ നിയമിച്ചതിൽ സംസ്ഥാനത്തെ ആർഎസ്‌എസിന് കടുത്ത അമർഷം. ബിജെപിയിലെ വി മുരളീധര വിരുദ്ധർക്കും അബ്‌ദുള്ളക്കുട്ടിയുടെ നിയമനത്തിൽ താല്പര്യമില്ല എന്നാണു റിപോർട്ടുകൾ. കൊച്ചിയിൽ ചേർന്ന കോർ കമ്മിറ്റിയോഗത്തിൽനിന്നും മുതിർന്ന നേതാവ്‌ സി കെ പത്മനാഭൻ വിട്ടുനിന്നു. അബ്‌ദുള്ളക്കുട്ടിയെ ബിജെപിയിൽ എടുത്തപ്പോൾ തന്നെ സി കെ പത്മനാഭൻ എതിർപ്പ്‌ പ്രകടിപ്പിച്ചിരുന്നു.

ബിജെപി ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ ആർഎസ്‌എസും അതൃപ്‌തി അറിയിച്ചു. കുമ്മനം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ തഴഞ്ഞ്‌ അബ്‌ദുള്ളക്കുട്ടിയെ ദേശീയ ഭാരവാഹിയാക്കിയതിൽ ഗ്രൂപ്പുകൾക്ക്‌ അതീതമായാണ്‌ പ്രതിഷേധം ഉയർന്നത്‌. ഇതിനകം നിരവധി പേർ പരാതികൾ കേന്ദ്രനേതൃത്വത്തിന്‌ അയച്ചിട്ടുണ്ട്‌. ദേശീയ ഭാരവാഹിപ്പട്ടികയിൽ കുമ്മനം രാജശേഖരനെ ഉൾപ്പെടുത്താത്തതിലുള്ള ആർഎസ്‌എസിന്റെ പ്രതിഷേധം തണുപ്പിക്കാനായിരുന്നു‌ സന്തോഷ്‌ ആർഎസ്‌എസ്‌ യോഗത്തിൽ പങ്കെടുത്തത്‌.

അതേസമയം, ബിജെപിയിൽ അവസരം പ്രതിയോഗികളുടെ ബന്ധുക്കൾക്ക്‌ എന്നും നേതാക്കളെയും പ്രവർത്തകരെയും അവഗണിച്ചുള്ള ബിജെപിയുടെ പോക്ക്‌ അപകടമെന്നും‌ മുതിർന്ന ബിജെപി- ആർഎസ്എസ് നേതാവ് പിപി മുകുന്ദൻ അറിയിച്ചു. ബിജെപിക്ക്‌ ദിശാബോധം നഷ്‌ടപ്പെടാതെ നോക്കണമെനും മുകുന്ദൻ പറഞ്ഞു.‌ സംസ്ഥാന നേതൃത്വത്തിന്റെയും കേന്ദ്രസഹമന്ത്രി വി മുരളീധരന്റെയും പ്രവർത്തന ശൈലിയിലും അദ്ദേഹം ഫേസ്‌ബുക്ക്‌ കുറിപ്പിലൂടെ വിയോജിച്ചു.