ബാബരി മസ്ജിദ് തകർത്തത്തിൽ അഭിമാനം, അടുത്ത ലക്ഷ്യം മഥുരയും കാശിയും: കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ്

single-img
1 October 2020

ബാബരി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ട സിബിഐ സ്പെഷ്യൽ കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് ജയ് ഭഗ്‌വാൻ ഗോയൽ. തങ്ങളാണ് ബാബരി മസ്ജിദ് തകർത്തതെന്നും ഇനി മഥുരയും കാശിയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും കേസിൽ വെറുതെ വിട്ട ഗോയൽ പറഞ്ഞു.

‘1992ല്‍ ബാബരി മസ്ജിദ് പൊളിച്ചത് ഞങ്ങള്‍ തന്നെയാണ്. അതിലൊരാളായിരുന്നു ഞാൻ. വിധിയെക്കുറിച്ച് ആശങ്കയില്ലായിരുന്നു. വധശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു.’- ജയ് ഭഗ്‌വാൻ ഗോയൽ പറഞ്ഞു. വിധിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോയൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഛത്രപതി ശിവാജിയുമായി താരതമ്യപ്പെടുത്തിയതിന് ശേഷം മാധ്യമശ്രദ്ധയിലേക്ക് വന്ന വ്യക്തിയാണ് ഗോയൽ.“ആജ് കെ ശിവാജി: നരേന്ദ്ര മോദി” എന്ന പുസ്തകം എഴുതിയും ശ്രദ്ധ നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബാബരി മസ്ജിദ് കേസിൽ വിധി വന്നത്. ലക്‌നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിലെ 32 പ്രതികളെയും കോടതി വെറുതെ വിട്ടു. ബാബരി മസ്ജിദ് തകർത്ത് 27 വർഷവും ഒൻപത് മാസവും 24 ദിവസവും പിന്നിട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്. മുൻ ഉപ പ്രധാനമന്ത്രി എൽ കെ അദ്വാനി, മുൻ കേന്ദ്രമന്ത്രിമാരായ മുരളീ മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവർ അടക്കമുള്ളവർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു.