ഇനി പ്രധാനമന്ത്രി പറക്കുന്നത് അമേരിക്കന്‍ പ്രസിഡന്റിന്റെ വിമാനമായ എയർഫോഴ്‌സ് വണ്ണിനോട് കിടപിടിക്കുന്ന വിമാനത്തില്‍; വില 8458 കോടി രൂപ

single-img
1 October 2020

ഇനിമുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാനുള്ള പുതിയ വിമാനം ഇന്ത്യയില്‍ എത്തി . രാജ്യത്തെ . രാഷ്‌ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് മാത്രമായി ഉപയോഗിക്കാനുളള വിവിഐപി വിമാനമായ എയർ ഇന്ത്യ വൺ ( എ.ഐ 160) അമേരിക്കയില്‍ നിന്നും ഇന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് മൂന്നോടെ എത്തിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനമായ എയർഫോഴ്‌സ് വണ്ണിനോടു കിടപിടിക്കുന്ന സുരക്ഷാ സന്നാഹങ്ങളാണ് ഈ വിമാനത്തിലുളളത്.

അമേരിക്കയില്‍ നിന്നും 8458 കോടി രൂപയ്‌ക്ക് വാങ്ങുന്ന രണ്ട് വിമാനങ്ങളിൽ ഒന്നാണ് ഇന്ന് ഇന്ത്യയിലെത്തിയത്.ഇന്ത്യയില്‍ എയർ ഇന്ത്യ എൻജിനീയറിംഗ് സർവീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ മേല്‍നോട്ടം നിർവഹിക്കുന്നത്. ഇപ്പോള്‍ ‘എയർ ഇന്ത്യ വൺ’ എന്ന പേരില്‍ അറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്നത്.

എയർ ഇന്ത്യയുടെ പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ഈ വിമാനങ്ങൾ പറത്തുന്നത്. ഇപ്പോള്‍ എത്തിയിരിക്കുന്ന വിമാനത്തില്‍ ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്‌സ് (LAIRCM), സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്‌സ് (SPS), മിസൈൽ പ്രതിരോധ സംവിധാനം എന്നിവ ഉണ്ടാകും എന്നതാണ് പ്രധാന പ്രത്യേകത.

വിമാനത്തിന്റെ വിലയ്ക്ക് പുറമേ 1434 കോടി (19 കോടി ഡോളർ) രൂപയ്ക്കാണ് അമേരിക്കയില്‍ നിന്നും ഈ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. പ്രതിരോധ സംവിധാനമായ ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് വലിയ വിമാനങ്ങളെ ഇൻഫ്രാറെഡ് പോർട്ടബിൾ മിസൈലുകളിൽ നിന്നു സംരക്ഷിക്കാന്‍ ഉപകരിക്കും.

ഇതില്‍ നിന്നുള്ള ഇൻഫ്രാറെഡ് സെൻസറുകളാണ് മിസൈലിന്റെ ദിശ മനസിലാക്കുക. അതേപോലെ തന്നെ വിമാനത്തിൽ നിന്ന് പല ദിശകളിലായി പുറപ്പെടുവിക്കുന്ന തീനാളങ്ങൾ മിസൈലുകളുടെ ഗതി മാറ്റി വിടുകയും ചെയ്യും. ശത്രുവിന്റെ റഡാറുകൾ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തില്‍ സെറ്റ് ചെയ്തിട്ടുണ്ട്.

ഓഫീസില്‍ എന്നത് പോലെ വിമാനത്തിനുളളിൽ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാർത്താവിനിമയ സംവിധാനം, ഹോസ്പിറ്റലിന് തുല്യമായ ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സ സൗകര്യങ്ങൾ, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങൾ, ആണവ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പോലും ക്ഷതമേൽക്കില്ല എന്നിങ്ങിനെയുള്ള അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തില്‍ ഉള്‍പ്പെടുന്നത്.