യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

single-img
30 September 2020

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയുടെ കുടുംബത്തിന് യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേസ് അന്വേഷിക്കാനായി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി ഫയൽ ചെയ്യപ്പെടുകയും ചെയ്തു. അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ കേസ് യുപിയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി വനിത കമ്മിഷന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും കത്തയക്കുകയും ചെയ്തു. കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ കാണിക്കാതെ യുപി പോലീസ് രഹസ്യമായി സംസ്കരിച്ചത് അന്യായമാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു.