തൂക്കിക്കൊന്നോട്ടെ, പക്ഷേ ജാമ്യം വേണ്ട: ബാബറി മസ്ജിദ് തകർത്ത കേസിൽ ജാമ്യം നേടിയാൽ തൻ്റെ അന്തസിന് കളങ്കമുണ്ടാക്കുമെന്ന് ഉമാഭാരതി

single-img
30 September 2020

ഒരു കാരണവശാലും ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ജാമ്യം എടുക്കില്ലെന്ന് ബിജെപി നേതാവ് ഉമാഭാരതി. ജാമ്യം നേടുന്നതിനെക്കാള്‍ നല്ലത് തൂക്കിലേറാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് അയച്ച കത്തിൽ ഉമാഭാരതി വ്യക്തമാക്കി. കേസില്‍ ജാമ്യം നേടുന്നത് തന്റെ അന്തസിന് കളങ്കമുണ്ടാക്കുമെന്നും ഉമാഭാരതി പറഞ്ഞു. 

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണ കോടതി സെപ്റ്റംബര്‍ 30ന് വിധി പറയും. ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി വിചാരണ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

വിധി എന്താകുമെന്ന് അറിയില്ല. പക്ഷെ ഞാന്‍ ജാമ്യം തേടില്ല. അയോധ്യപ്രസ്ഥാനത്തില്‍ പങ്കെടുത്തതില്‍ താന്‍ അഭിമാനിക്കുന്നു. അതിൻ്റെ ഭാഗമായതിന്റെ പേരില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ താന്‍ സന്തോഷത്തോടെ സ്വീകരിക്കും- ഉമാഭാരതി പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റിഷികേശിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഉമാഭാരതി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വാദം കേള്‍ക്കാന്‍ കോടതിയില്‍ ഹാജരാകുമോ, വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരാകുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. 

വിധി പറയുന്ന ദിവസം പള്ളി തകര്‍ത്ത പ്രതികളായ എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഹാജരാകണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വിധി പറയാന്‍ ആഗസ്റ്റ് 31 വരെയാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് ആദ്യം സമയം നല്‍കിയിരുന്നത്. എന്നാല്‍, സ്പെഷല്‍ ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് കൂടുതല്‍ സമയം അനുവദിച്ചുനല്‍കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടുകയും വിധിന്യായങ്ങള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഒരു മാസത്തെ സമയം അനുവദിക്കുകയുമായിരുന്നു.