ഇന്ത്യ മരണനിരക്ക് കുറച്ചു കാണിക്കുന്നു: ഇന്ത്യയ്ക്ക് എതിരെ ട്രംപ്

single-img
30 September 2020

കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണെന്നും യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് ഇന്ത്യയില്‍ എത്രപേരാണ് മരിച്ചതെന്ന് അറിയില്ലെന്നുമാണ് ട്രംപ് പറയുന്നത്. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്‍ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്നും ട്രംപ് ആരോപിച്ചു. 

ക്ലീവ് ലാന്‍ഡിലെ കേസ് വെസ്റ്റേണ്‍ റിസര്‍വ് സര്‍വകലാശാലയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ തിരിഞ്ഞത്. രണ്ടു തവണയാണ് പ്രസംഗത്തില്‍ ട്രംപ് ഇന്ത്യയെ പരാമര്‍ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. 

ചൈനയും ഇന്ത്യയും റഷ്യയും യഥാര്‍ത്ഥ കണക്കുകളല്ല പുറത്തു വിടുന്നത്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ലെന്ന് ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച് 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചതെന്നും ഇതില്‍ കൂടുതല്‍ മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു. 

എത്ര യു എസ് കുടുംബങ്ങള്‍ക്കാണ് കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പറഞ്ഞപ്പോള്‍, ഇതിന് ഉത്തരവാദി ചൈനയാണെന്ന് ട്രംപ് പ്രതികരിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് നിരുത്തവവാദപരമായാണ് പെരുമാറിയതെന്നും, പ്രസിഡന്റ് വിഡ്ഢിയാണെന്നും നുണയനാണെന്നും ബൈഡന്‍ ആരോപിച്ചു. 

ഇതുവരെ അയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ്. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല താന്‍ ഇവിടെ വന്നത്. എല്ലാവര്‍ക്കും അറിയാം അയാള്‍ നുണയനാണെന്ന്- ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് ബൈഡന്‍ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡന്‍ ആരോപിച്ചു.