സ്വര്‍ണക്കടത്ത് കേസ്; മാപ്പ് സാക്ഷിയാകാന്‍ തയ്യാറാണെന്ന് സന്ദീപ് നായര്‍

single-img
30 September 2020

സ്വർണക്കടത്ത് കേസിലെ രണ്ടാംപ്രതി സന്ദീപ് നായർ മാപ്പ് സാക്ഷിയാകാൻ സന്നദ്ധനാണെന്ന് കാണിച്ച് കോടതിയിൽ കത്ത് നൽകി. സന്ദീപിന്റെ ആവശ്യപ്രകാരം കുറ്റസമ്മത മൊഴി രേഖപ്പെടുത്താൻ കൊച്ചിയിലെ എൻ.ഐ.എ. കോടതി അനുമതി നൽകി.

സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനായ കെ.ടി. റമീസുമായി അടുത്തബന്ധമുള്ള സന്ദീപിനെ മാപ്പ് സാക്ഷിയാക്കിയാൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കൂടുതൽ ശക്തമായ തെളിവുകൾ ലഭിക്കുമെന്നും അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്നുമാണ് എൻ.ഐ.എ.യുടെ പ്രതീക്ഷ. സി.ആർ.പി.സി. 164 പ്രകാരം ഉടൻതന്നെ സന്ദീപിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് പരിശോധിച്ച ശേഷമായിരിക്കും സന്ദീപിനെ മാപ്പ് സാക്ഷിയാക്കണമോ എന്നകാര്യത്തിൽ എൻ.ഐ.എ. അന്തിമ തീരുമാനമെടുക്കുക.

മൂവാറ്റുപുഴ സ്വദേശികളായ രണ്ട് പ്രതികളെ മാപ്പ് സാക്ഷികളാക്കാനും എൻ.ഐ.എ. നീക്കം നടത്തിയിരുന്നു. ഇതിനിടെയാണ് കേസിലെ മുഖ്യപ്രതികളിലൊരാൾ മാപ്പ് സാക്ഷിയായി കുറ്റസമ്മത മൊഴി നൽകാൻ തയ്യാറായിരിക്കുന്നതും ശ്രദ്ധേയമാണ്.