ലോക്ക്ഡൗണ്‍ മുതല്‍ ഇങ്ങോട്ട് ഓരോ മണിക്കൂറിലും മുകേഷ് അംബാനി സമ്പാദിക്കുന്നത് 90 കോടി രൂപ

single-img
30 September 2020

കോവിഡ് വൈറസ് വ്യാപനവും സാമ്പത്തിക തകര്‍ച്ചയും കാരണം രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിച്ചുവരുമ്പോഴും ഇതൊന്നും പ്രശ്നമല്ലാത്ത ഒരാള്‍ ഉണ്ട്. ബിസിനസ് രാജാവായ മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനി രാജ്യത്ത് ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ഓരോമണിക്കൂറിലും സമ്പാദിക്കുന്നത് 90 കോടിയില്‍ കൂടുതല്‍ രൂപയാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

വിവിധ ബിസിനസ് മാഗസിനുകളുടെ സര്‍വേ പ്രകാരം ഇത് തുടര്‍ച്ചയായി ഒമ്പതാമത്തെ വര്‍ഷമാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനായി അദ്ദേഹം തുടരുന്നത്. 2020ല്‍ മാത്രം അംബാനിയുടെ ആസ്തിയിലുണ്ടായ വര്‍ദ്ധന 2,77,000 കോടി രൂപയാണ് എന്ന് വെല്‍ത്ത് ഹൂറൂണ്‍ ഇന്ത്യ പുറത്തിറക്കിയ റിച്ച് ലിസ്റ്റില്‍ പറയുന്നു.

ഇപ്പോഴത്തെ ലോക്ക് ഡൌണ്‍, സാമ്പത്തിക മാന്ദ്യങ്ങള്‍ക്ക് ശേഷം ഭാവിയില്‍ വളര്‍ച്ചാ സാധ്യതകളുള്ള ടെക്, റീട്ടെയില്‍ മേഖലകളിലേക്ക് ഇതിനകം മുകേഷ് അംബാനി കടന്നിട്ടുമുണ്ട്. ലോകത്തെ തന്നെ ഏറ്റവും സമ്പന്നനായ ചൈനയിലെ ആലിബാബയെപ്പോലെ ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖല പിടിച്ചടക്കുകയായിരിക്കും അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ 1000 കോടിക്ക് മുകളില്‍ ആസ്തിയുള്ള 828 പേരാണ് ഹൂറൂണ്‍ തയ്യാറാക്കിയ പട്ടികയിലുള്ളത്.