ഞെട്ടിക്കുന്ന റിപ്പോർട്ട് ; രാജ്യത്ത് ദിവസവും നടക്കുന്നത് 87 ബലാത്സംഗം, സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ വന്‍വര്‍ധന

single-img
30 September 2020

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ വൻവര്‍ധനവെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ ദിവസവും 87 പീഡനങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമത്തില്‍ 2019ല്‍ മാത്രം 405861 കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.3 ശതമാനമാണ് വര്‍ധനയെന്നും ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് വിശദമാക്കുന്നു. 378236 കേസുകളാണ് 2018 ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇവയില്‍ 33356 കേസുകള്‍ പീഡനം സംബന്ധിച്ചവയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ 32559ആയിരുന്നു പീഡനം സംബന്ധിച്ച കേസുകള്‍.

സ്ത്രീത്വത്തിനെതിരായ അതിക്രം 21.8 ശതമാനമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 30.9 ശതമാനം കേസുകളും ഗാര്‍ഹിക പീഡനവും, ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സംബന്ധിച്ചതുമാണ്. 17.9 ശതമാനം സംഭവങ്ങള്‍ തട്ടിക്കൊണ്ട് പോകലിനെ കുറിച്ചുള്ള പരാതിയാണ്. സ്ത്രീകള്‍ക്കെതിരെ മാത്രമല്ല കുട്ടികള്‍ക്കെതിരായ പീഡനത്തിലും കാര്യമായ വര്‍ധനയനാണ് പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് 2019ല്‍ ഉണ്ടായിട്ടുള്ളത്. 1.48 ലക്ഷം കേസുകളാണ് കുട്ടികള്‍ക്കെതിരായ അക്രമങ്ങളില്‍ 2019ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.