നായ കുറുകേ ചാടിയതിനെ തുടർന്ന് ബെെക്ക് യാത്രികൻ അപകടത്തിൽപ്പെട്ടു: രക്ഷകനായി എത്തിയ അജ്ഞാതൻ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിച്ചശേഷം ബെെക്കുമായി കടന്നു

single-img
30 September 2020

തിരുവനന്തപുരത്ത് നായ കുറുകെ ചാടിയതിനെ തുടർന്ന് റോഡിൽ വീണ ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ച അജ്ഞാതൻ ബൈക്കുമായി കടന്നു. ബാലരാമപുരത്ത് ഇന്നലെ ഉച്ചയോടെയാണ് സംഭവമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മഞ്ചവിളാകം പള്ളിവിളാകം ഹൗസിൽ സി.എസ്. ജിജോയാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ച വ്യക്തി ബെെക്കുമായി കടക്കുകയായിരുന്നു. 

അപകടത്തെ തുടർന്ന് റോഡിൽ വീണ് കൈക്ക് പരുക്കേറ്റ ജിജോയെ അപകട സ്ഥലത്ത് ഒത്തുകൂടിയവരിൽ ഒരാൾ അതേ ബൈക്കിൽ ആശുപത്രിയിലെത്തിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. തുടർന്ന് വണ്ടിയിൽ  നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചു.  ബന്ധുക്കൾ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ഒപി ടിക്കറ്റെടുത്ത് പരിശോധനയ്ക്ക് സഹായിക്കുകയും ചെയ്തു. പിന്നാലെ ബന്ധുക്കൾ എത്തിയതിനെ തുടർന്ന് ജിജോയുടെ ബാഗും ഹെൽമറ്റും ഇവരെ തിരിച്ചേൽപ്പിച്ചു. അതിനു ശേഷമാണ് ബൈക്ക് കാണാതാകുന്നത്. 

ബൈക്കിൻ്റെ താക്കോൽ ഇയാളുടെ കൈവശമായിരുന്നു . സംശയം തോന്നി ബന്ധുക്കളെത്തി നോക്കുമ്പോൾ ബൈക്ക് വച്ചിടത്ത് കാണാനില്ലായിരുന്നു.  ബന്ധുക്കൾ ഒരു മണിക്കൂറോളം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെട്ടു. പൊലീസെത്തി ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇയാളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.