നാക്ക് മുറിച്ചെടുത്ത് കൂട്ടബലാത്സംഗം; യുപിയില്‍ പെൺകുട്ടി മരിച്ചു

single-img
29 September 2020

ഉത്തർപ്രദേശിൽ കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി മരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശരീരത്തിൽ നിരവധി മുറിവുകള്‍ ഉണ്ടെന്നും പെണ്‍കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിനും കഴുത്തിനും ഗുരുതര പരുക്കേറ്റിരുന്നു. ക്രൂരപീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി ഇന്നലെയാണ് ഡൽഹിയിലേക്കു മാറ്റിയത്.

ഈമാസം 14ന് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസിൽ നാലു പേര്‍ ചേർന്നാണ് 19 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയുടെ സഹേദരന്റെ മൊഴി ഇങ്ങനെ: ‘എന്റെ അമ്മയും സഹോദരിയും മൂത്ത ചേട്ടനും കൂടി പുല്ലുവെട്ടാനായി പോയതാണ്. ചേട്ടന്‍ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അമ്മ വിശ്രമിക്കാൻ മാറിയ നേരത്ത് നാലഞ്ചു പേര്‍ എത്തി അവളെ ബാജ്‌റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.’

കേസില്‍ പോലീസ് നടപടിയെടുക്കാൻ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍ പൊലീസ് ഇത് നിഷേധിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാന്‍ എസ്പി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് അറിയിച്ചു.