സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്ന സംരംഭകരെ സഹായിക്കാൻ ഇനി ടോൾ ഫ്രീ നമ്പർ

single-img
29 September 2020

സംസ്ഥാനത്ത് നിക്ഷേപം നടത്താൻ തയ്യാറാകുന്ന സംരംഭകരുടെ സംശയ നിവാരണത്തിനും ആവശ്യമായ സഹായം നൽകുന്നതിനും ടോൾ ഫ്രീ സംവിധാനം തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 18008901030 ആണ് നമ്പർ. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ ആഴ്ചയിൽ ആറു ദിവസം സേവനം ലഭിക്കും. മലയാളത്തിലും ഇംഗ്ളീഷിലും സംശയനിവാരണം നടത്താനാവും. കെ സ്വിഫ്റ്റ് 2.0 പതിപ്പും പുതിയ സംവിധാനങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പദ്ധതി ചെലവ് എത്രയായാലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ റെഡ് കാറ്റഗറി വിഭാഗത്തിൽ പെടാത്ത സംരംഭങ്ങൾക്ക് ഏഴു ദിവസത്തിനുള്ളിൽ അനുമതി നൽകും. അഞ്ച് അംഗ സമിതി ഇതിനുള്ള അപേക്ഷ പരിഗണിക്കും. ഈ സമിതിയെ സഹായിക്കാൻ ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെൽ രൂപീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപകർക്ക് എല്ലാ സഹായവും പിന്തുണയും സർക്കാർ നൽകും. സർക്കാരിന്റെ നയപരമായ തീരുമാനങ്ങൾ, പുതിയ പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി ഇൻവെസ്റ്റ് കളക്റ്റ് എന്ന ഇ ന്യൂസ് ലെറ്റർ ആരംഭിച്ചിട്ടുണ്ട്. ഇത് എല്ലാ മാസവും പ്രസിദ്ധീകരിക്കും.

കെ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് വ്യാവസായിക വളർച്ചയ്ക്ക് സഹായിക്കും. സംരംഭങ്ങളുടെ ലൈസൻസും അനുമതിയും ഓൺലൈനിൽ പുതുക്കാനാവും. പ്രൊഫഷണൽ ടാക്സ് നൽകാനും ഓൺലൈൻ സംവിധാനമായിട്ടുണ്ട്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ഏഴു നിയമങ്ങളും പത്ത് ചട്ടങ്ങളും ഭേദഗതി ചെയ്തു. നിക്ഷേപകരിൽ ആവേശം ഉളവാക്കിയ ഇടപെടലായിരുന്നു അത്.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ലെന്ന പ്രതീതി മാറ്റാൻ കഴിഞ്ഞ നാലരവർഷത്തെ ഇടപെടലിലൂടെ കഴിഞ്ഞു. നോക്കുകൂലി പോലെയുള്ള ദുഷ്പ്രവണതയ്ക്കും അറുതി വരുത്താനായി. എങ്കിലും വളരെ അപൂർവമായി ഇത് ചിലയിടങ്ങളിൽ തുടരുന്നു. തെറ്റായ ഇത്തരം നടപടികൾക്ക് ആരുടെയും പിന്തുണയില്ല. നിയമവിരുദ്ധമായി പ്രവൃത്തിയാണിത്. തെറ്റായ ഇത്തരം നീക്കങ്ങൾ കണ്ടാൽ ഇടപെടേണ്ട ഏജൻസികൾ അറച്ചു നിൽക്കരുത്. തെറ്റുകണ്ടാൽ ശക്തമായി ഇടപെട്ട് കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.