സി പി ജലീൽ വധം; ഏറ്റുമുട്ടൽ കൊലയെന്ന നിലപാട് മാറ്റി പോലീസ്

single-img
29 September 2020

മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ സി.പി ജലീൽ വെടിവെച്ചുവെന്ന് പറഞ്ഞിട്ടില്ലെന്ന് പോലീസ്. സി പി ജലീല്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിനിടെയാണെന്ന പോലീസ് വാദം പൊളിഞ്ഞതിന് പിന്നാലെയാണ് ഇത്തരത്തിലോരു നിലപാട് മാറ്റം. പോലീസിനുനേരെ വെടിയുതിർത്തത് ഒപ്പമുണ്ടായിരുന്ന ചന്ദ്രുവെന്നാണ് ഇപ്പോൾ പോലീസിന്റെ വിശദീകരണം.

ജലീലിൻ്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് പോലീസിനുനേരെ സംശയങ്ങളുയർന്നത്. വയനാട് വൈത്തിരിയില്‍ റിസോര്‍ട്ടില്‍ വെച്ച് കൊല്ലപ്പെട്ട ജലീലിൻ്റേത് എന്ന് പറഞ്ഞ് പൊലീസ് സമര്‍പ്പിച്ച തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജലീലിന്റെ വലതു കയ്യില്‍ നിന്നും ശേഖരിച്ച സാംപിളിലും വെടിമരുന്നിന്റെ അംശമില്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് ഹാജരാക്കിയ വെടിയുണ്ടകള്‍ എല്ലാം പൊലീസിൻ്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടകളാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജലീല്‍ വെടിയുതിര്‍ത്തതു കൊണ്ടാണ് തിരിച്ച് വെടിവച്ചെതെന്നാണ് പൊലീസ് അന്ന് പറഞ്ഞിരുന്നത്. ജലീലിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്ന തങ്ങളുടെ വാദം ശരിവെക്കുന്നതാണ് പരിശോധന ഫലമെന്ന് സഹോദരന്‍ സി പി റഷീദ് പ്രതികരിച്ചു. വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ജലീലിനെ കൊലപ്പെടുത്തിയതാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ബന്ധുക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്.