ചോരത്തുള്ളികളും ചിതറിയ വിഗ്രഹങ്ങളും: ചെങ്ങന്നൂരിലെ രണ്ടുകോടി രൂപ വിഗ്രഹ കവർച്ചയിൽ അടിമുടി ദുരൂഹത

single-img
29 September 2020

ചെങ്ങന്നൂരിലെ വിഗ്രഹനിർമാണശാലയിലെ ആക്രമണവും തുടർന്നു നടന്ന കവർച്ചയിലും അടിമുടി ദുരൂഹത. ഇവിടെ നിന്നും രണ്ടു കോടി രൂപയുടെ വിഗ്രഹം കവർന്നെന്ന തരത്തിലാണ് വാർത്തകൾ സമുഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അതേസമയം, ആരോപണം ശരിവെക്കുന്ന തരത്തിലുള്ള തെളിവുകൾ പോലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചനകൾ പുറത്തു വരുന്നത്. 

വിഗ്രഹനിർമാണശാലയിൽ ആക്രമണം നടന്നിട്ടുണ്ടെന്നതിന് സൂചനകളും തെളിവുകളും ലഭിച്ചിട്ടുണ്ട്. എന്നാൽ, മോഷണം നടന്നതു സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നതും. അതേസമയം വിഗ്രഹനിർമാണശാലയിൽ ആക്രമണം നടത്തിയവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംശയമുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടുകിട്ടിയില്ല. ഇവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

പ്രതികൾ ജില്ല വിട്ടുപോയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇരുപതോളംപേരടങ്ങുന്ന അക്രമിസംഘം 20 മിനിറ്റോളം ആക്രമണം നടത്തിയെന്നാണ് വിഗ്രഹനിർമാണശാലാ ഉടമകൾ പോലീസിനോടു വെളിപ്പെടുത്തിയത്. ആക്രമണം നടന്ന സ്ഥലത്തിനോടുചേർന്ന് അഞ്ചുവീട്ടുകാരുണ്ടെങ്കിലും പക്ഷേ, ഇവരാരുംതന്നെ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഈ ഒരു സാഹച്യമാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നതും. 

ഞായറാഴ്ച പണിയുണ്ടാവില്ലെന്നും പണിശാലയിൽ ആളുകാണില്ലെന്നും കൃത്യമായി അക്രമികൾക്ക് അറിയാമായിരുന്നുവെന്നും സ്ഥലത്തെക്കുറിച്ച് അറിയാവുന്നവരാണ് വിഗ്രഹ മോഷ്ടാക്കളെന്ന് വിഗ്രഹനിർമാണകേന്ദ്രത്തിന്റെ ഉടമകളായ തട്ടാവിളയിൽ മഹേഷ് പണിക്കരും പ്രകാശ് പണിക്കരും പറഞ്ഞു. വിഗ്രഹം മോഷ്ടിക്കണമെന്ന കൃത്യവും വ്യക്തവുമായ പദ്ധതിയോടെയാണ് അക്രമിസംഘം എത്തിയതെന്നും അവർ പറയുന്നു. 

നിരവധി ബൈക്കുകളിലും കാറിലുമായി എത്തിയ അക്രമികൾ വിഗ്രഹം എടുക്കാൻ ശ്രമിക്കുമ്പോൾ വിഗ്രഹംവെച്ചിരിക്കുന്ന മുറിയിൽനിന്ന് അല്പം മാറി താമസിച്ചിരുന്ന പണിക്കാരുടെ ശ്രദ്ധയിൽപ്പെട്ട് തടഞ്ഞു. തുടർന്ന് ഇവർ പണിക്കാരെ ആക്രമിക്കുകയായിരുന്നു. ബഹളംകേട്ട് അടുത്തുള്ള കളരിയിൽ ഉണ്ടായിരുന്ന ഞങ്ങൾ ഓടിയെത്തിയെങ്കിലും ഞങ്ങളെയും ആക്രമിച്ചു വന്നവർ രക്ഷപ്പെട്ടു. അക്രമികളിൽ പലരും കണ്ടാലറിയാവുന്നവരാണ്. ലോക്ഡൗൺ തുടങ്ങിയപ്പോൾമുതൽ സി.സി.ടി.വി. ക്യാമറകൾ കേടാണ്’ – ഉടമസ്ഥർ പറയന്നു. 

സൂക്ഷ്മതയോടുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പണിശാലയുടെ ഓഫീസ് മുറിയുടെയും പണിക്കാർ താമസിക്കുന്ന മുറിയുടെയും ജനൽച്ചില്ലുകൾ തകർന്ന നിലയിലാണ്. പണിക്കാരുടെ മുറിക്കുപുറത്ത് ചോരത്തുള്ളികൾ കാണപ്പെട്ടു. ഇവ ശേഖരിച്ചിട്ടുണ്ട്. ഓഫീസ് മുറിയാകെ അലങ്കോലമായിക്കിടക്കുകയായിരുന്നെന്നും വിഗ്രഹനിർമാണശാലയിലെ വിഗ്രഹങ്ങളെല്ലാം ചിതറിക്കിടക്കുകയായിരുന്നെന്നും പൊലീസ് പറയന്നു. 

കേസ് അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് നായും എത്തിയിരുന്നു. പൊലീസ് നായ വിഗ്രഹനിർമാണശാലയിൽനിന്ന് ലഭിച്ച ചെരുപ്പിൽ മണംപിടിച്ച് മുളക്കുഴ പഞ്ചായത്ത് കവലയ്ക്കുസമീപത്തേക്കാണ് ഓടിയത്. അവിടെനിന്ന് തൈക്കുഴി റോഡിലേക്കു തിരിഞ്ഞ നായ കനാലിനുസമീപം മണംപിടിച്ചുനിന്ന് മുന്നോട്ടുപോകാൻ വിസമ്മതിച്ചു. നായയ്ക്കുമുന്നിൽനിന്ന് ആളുകളെ മാറ്റാൻ പൊലീസിന് നന്നായി പണിയെടുക്കേണ്ടിവന്നു.