ആ വെള്ളം അങ്ങു വാങ്ങിവച്ചേക്ക്: കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള കോൺഗ്രസ് എംപിമാരുടെ നീക്കം അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി

single-img
29 September 2020

കോൺഗ്രസ് എംപിമാരുടെ നിലപാട് മാറ്റത്തെ എതിർത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള എംപിമാരുടെ നീക്കം അനുവദിക്കില്ലെന്നു പറഞ്ഞതായി 24 ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ബെന്നി ബഹനാന്റെയും കെ മുരളീധരന്റെയും രാജിയിൽ മുല്ലപ്പള്ളി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. 

ഇരുവരുടെയും രാജി പാർട്ടിക്ക് ക്ഷീണമായെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.  എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കരുതെന്നും ഇരട്ടപദവിയിൽ എംഎല്‍എമാർ സ്ഥാനങ്ങൾ രാജി വച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം ബെന്നി ബഹനാൻ രാജി വച്ചതിന് പിന്നാലെ എ ഗ്രൂപ്പിൽ തർക്കം രൂക്ഷമായെന്നും വിവരം. ബെന്നി ബഹനാനോട് അനീതി കാട്ടിയെന്ന് നേതാക്കൾ പ്രതികരിച്ചു. ഗ്രൂപ്പിന് വേണ്ടിയാണ് കഴിഞ്ഞ തവണ ബെന്നി ബഹനാന് സീറ്റ് നിഷേധിക്കപ്പെട്ടതെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. 

ബെന്നി ബഹനാന് എതിരെ വ്യാജപ്രചാരണം നടത്തിയെന്നും ഗ്രൂപ്പിൽ രണ്ടാമനാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഗ്രൂപ്പിന് വേണ്ടി പ്രയത്‌നിച്ചവരെ തഴയുന്നുവെന്നുള്ള പരാതിയും ഉയർത്തിയിട്ടുണ്ട്.