സമൂഹമാധ്യമങ്ങളിലെ ലുലുമാൾ വാർത്തകൾ: നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ

single-img
29 September 2020

കൊച്ചി ലുലു മാളില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമായെന്ന വാർത്ത  അടിസ്ഥാന രഹിതമാണെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ലുലു മാളിൽ കോവിഡ് വ്യാപനം വൻതോതിൽ വർദ്ധിച്ചെന്നും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്നുമുള്ള തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും തെറ്റാണ്. 

കോവിഡ് സമ്പര്‍ക്ക വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തക്കസമയത്ത് തന്നെ ലുലു മാള്‍ കണ്ടെയ്ന്‍മെൻ്റ് സോണ്‍ ആയി പ്രഖ്യാപിക്കുകയും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നതായും കളക്ടർ ചൂണ്ടിക്കാട്ടി. 

സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് പൂര്‍ണമായും ഇതിനോട് സഹകരിക്കുക മാത്രമല്ല, കോവിഡ് പ്രതിരോധത്തിനായിആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്തു. ബോധപൂര്‍വ്വം തെറ്റിദ്ധാരണ പരത്തുന്നതും വ്യാജവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.