‘പാലത്തിൽ പൂജ’ സർക്കാർ ചെലവിലല്ല; വ്യാജ പ്രചാരണം പ്രതിഷേധാർഹം: ജി സുധാകരൻ

single-img
29 September 2020

പാലാരിവട്ടം പാലം പൊളിക്കുന്നതിനു മുൻപു പൂജ നടത്തിയതിനെ ചൊല്ലി താൽപ്പര കക്ഷികൾ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നു മന്ത്രി ജി സുധാകരൻ. സൃഷ്ടിപരമായ വിമർശനങ്ങളെ ഞങ്ങൾ എന്നും സ്വാഗതം ചെയുന്നു. എന്നാൽ അന്ധമായ രാഷ്ട്രീയ വിരോധത്താൽ ചിലർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ്. ഇത് പ്രതിഷേധാർഹമാണ് എന്നും ജി സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഒരു പ്രവൃത്തി കരാറുകാർ ഏറ്റെടുത്താൽ ആ സൈറ്റ്, നിർമാണം പൂർത്തീകരിക്കുന്നതു വരെ അവരുടേതാണ്. അവിടെ കരാറുകാർക്കും തൊഴിലാളികൾക്കും തങ്ങളുടെ വിശ്വാസമനുസരിച്ചു പൂജയോ മറ്റു മതാനുഷ്ഠാനങ്ങളോ നടത്തുന്നതിൽ സർക്കാരിന് പങ്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഡിഎംആർസിയുടെ തലവൻ ഇ ശ്രീധരൻ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്നാണ് മനസ്സിലാക്കുന്നത്. അവർ സഹായം തേടിയിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി വാഗ്ഭടാനന്ദൻ സ്ഥാപിച്ചതും കേരളത്തിലെ ഏറ്റവും പ്രസിദ്ധമായതുമായ നിർമ്മാണ മേഖലയിലെ സഹകരണ സ്ഥാപനമാണ്. അവരിലും വിശ്വാസികളുണ്ടായിരിക്കാം. കൂടാതെ കമ്യൂണിസ്റ്റുകാർ വിശ്വാസങ്ങൾക്കെതിരല്ല .മറിച്ച് വിശ്വാസികൾക്കും അവിശ്വാസികൾക്കും സംരക്ഷണമേകുന്നവർ തന്നെയാണ്, അദ്ദേഹം വ്യക്തമാക്കി.

സൃഷ്ടിപരമായ വിമർശനങ്ങളെ ഞങ്ങൾ എന്നും സ്വാഗതം ചെയുന്നു.എന്നാൽ അന്ധമായ രാഷ്ട്രീയ വിരോധം വച്ചു പുലർത്തി ചിലർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരങ്ങൾ നടത്തുന്നത് പ്രതിഷേധാർഹമാണ്. കേരളത്തിനു മേൽ വീണ കളങ്കം മായ്ക്കാനും അഴിമതിയുടെ പഞ്ചവടിപ്പാലമായ പാലാരിവട്ടം പാലം പൊളിച്ച് അഭിമാനത്തിൻ്റെ ഉയരപ്പാത തീർക്കാനുള്ള ഇടതു സർക്കാരിൻ്റെ ആത്മാർത്ഥ ശ്രമങ്ങളെ പൊതു സമൂഹം തിരിച്ചറിയുന്നുണ്ടെന്നതും മേൽപ്പറഞ്ഞ വ്യാജ പ്രചാരകരെ ഒറ്റപ്പെടുത്തുന്നു എന്നറിയുന്നതിൽ തികഞ്ഞ ചാരിതാർത്ഥ്യവുമുണ്ട്.- ജി.സുധാകരൻ അറിയിച്ചു.