കുട്ടനാട്ടിലും ചവറയിലും ഉപതെരഞ്ഞെടുപ്പുകൾ ഇല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ

single-img
29 September 2020

കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ്റെ തീരുമാനം. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഏതാനും മാസത്തേക്കു മാത്രമായി ഉപ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്നാണ് ഇന്നു ചേര്‍ന്ന യോഗത്തില്‍ കമ്മിഷന്‍ തീരുമാനിച്ചത്. 

കോവിഡ് പശ്ചാത്തലത്തിൽ ഏതാനും മാസത്തേക്കുവേണ്ടി ഈ അസംബ്ലി മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ട എന്നു സംസ്ഥാന സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലും ഇക്കാര്യത്തില്‍ ധാരണയായിരുന്നു. 

അടുത്ത വര്‍ഷം ഏപ്രില്‍ മെയ് മാസങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നയാള്‍ക്ക് കേവലം മൂന്നുമാസം മാത്രമേ പ്രവര്‍ത്തിക്കാന്‍ ലഭിക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.