സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രതയിലേക്ക്; ലോക്ക് ഡൗൺ ഏര്‍പ്പെടുത്തില്ല

single-img
29 September 2020

കേരളത്തിൽ കൊവിഡ് വൈറസ് വ്യാപനം അതിരൂക്ഷമായ നിലയിലേക്ക് കടക്കുന്നു എന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത മാസം പകുതിയോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുമെന്ന് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ അറിയിക്കുകയുണ്ടായി.

ഇതോടൊപ്പം ദിനംപ്രതിയുള്ള കൊവിഡ് രോഗബാധിതരുടെ എണ്ണം 15,000 വരെ ഉയരും എന്നാണ് ഇടതുമുന്നണി യോഗത്തിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. എന്നാൽ, ഒരിക്കൽക്കൂടി സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന് ഇടത് മുന്നണിയോ​ഗം സ‍ർക്കാരിനോട് നി‍ർദേശിച്ചു.

ഇപ്പോൾ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് ബാധ വളരെ രൂക്ഷമാണെങ്കിലും ഇനിയുള്ള രണ്ടാഴ്ചത്തെ സ്ഥിതി കൂടി വിലയിരുത്തിയ ശേഷം ലോക്ക് ഡൗൺ ഏ‍ർപ്പെടുത്തുന്ന കാര്യം പരി​ഗണിച്ചാൽ മതിയെന്നാണ് മുന്നണി യോഗത്തിന്റെ തീരുമാനം.അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ എൽഡിഎഫിൻ്റെ എല്ലാ സമരപരിപാടികളും മാറ്റിവച്ചതായി എൽഡിഎഫ് കൺവീന‍‍ർ എ.വിജയരാഘവൻ അറിയിച്ചു.