നടിയെ ആക്രമിച്ച കേസ്; ‘ഭീഷണിപ്പെടുത്തി മൊഴി മാറ്റി’ തുറന്ന് പറഞ്ഞ് മാപ്പുസാക്ഷി

single-img
29 September 2020

കൊച്ചിയിൽ നടിയെ ആക്രമിച്ചതിൽ ദിലീപിന് പങ്കില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ താൻ നേരത്തെ പറഞ്ഞത് ഭയം മൂലം ആയിരുന്നുവെന്ന് മാപ്പുസാക്ഷി വിപിൻ ലാൽ. ആ സമയത്ത് താനും ജയിലിലായിരുന്നു. ജയിലിൽ ഉള്ള സമയത്ത് ദിലീപിനെതിരെ പറയണ്ടെന്നും കോടതിയിലേക്ക് കൊണ്ടു പോകുമ്പോൾ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും ജയിലിനുള്ളിൽ നിന്നുള്ള ചിലര്‍ അന്ന് പറഞ്ഞത് അനുസരിച്ചാണ് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൻ ലാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കാസർകോട് കോട്ടിക്കുളം സ്വദേശിയായ വിപിൻ ലാൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന്റെ സഹ തടവുകാരനായിരുന്നു. ഈ സമയത്ത് ഇയാൾക്ക് കത്ത് എഴുതി നൽകിയത് വിപിൻ ആയിരുന്നു. ദിലീപ് അടക്കമുള്ള പ്രതികൾക്ക് എതിരെ മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും പൊലീസിന് നൽകിയ മൊഴിയും വിചാരണ കോടതിയിൽ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണിപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കി വിപിൻ ലാൽ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സാക്ഷിമൊഴി നൽകാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് തനിക്കെതിരെ ഭീഷണിയെന്ന് വിപിൻ ലാലിന്റെ പരാതിയിൽ പറയുന്നു.
കാസർകോട് സ്വദേശിയാണ് വിപിൻ ലാൽ. വിപിന്റെ പരാതിയിൽ ബേക്കൽ പോലീസ് 195 എ, 506 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസിൽ ആരേയും പ്രതിചേർത്തിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ് വിപിൻലാൽ.