കേന്ദ്രസര്‍ക്കാരിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ല: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇൻ്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

single-img
29 September 2020

രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെ തിരിച്ചയക്കേണ്ടി വന്നുവെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉപദ്രവം സഹിക്കാനാകുന്നില്ലെന്നും ആംനസ്റ്റി ഇന്ത്യ ഘടകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അവിനാശ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷമായി അടിച്ചമര്‍ത്തല്‍ നേരിടുകയാണ്. സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൂര്‍ണമായും മരവിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംഘടന നടത്തുന്ന എല്ലാ ജോലികളും ഗവേഷണ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

അടിസ്ഥാന രഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വേട്ടയാടലിന്റെ ഏറ്റവും പുതിയ നടപടിയാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ വിദേശത്തുനിന്നും അനധികൃതമായി ഫണ്ട് സ്വീകരിക്കുന്നുവെന്നും, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ രജിസ്‌ട്രേഷന്‍ ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ സംഘടനയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. 

കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിലും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന അവകാശ ലംഘനങ്ങളെപ്പറ്റിയും ആംനസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു.