`കേരളത്തിലുള്ള ഭൂരിപക്ഷം മുസ്ലീം തീവ്രവാദികളും ഗൾഫിൽ´: ആറുലക്ഷം കാഴ്ചകളും കടന്ന് വിജയ് പി നായരുടെ വീഡിയോ ഓടിക്കൊണ്ടേയിരിക്കുന്നു

single-img
28 September 2020

സ്ത്രീ അധിക്ഷേപങ്ങളിലൂടെ വാര്‍ത്തകള്‍ സൃഷ്ടിച്ച വിജയ് പി നായരുടെ വീഡിയോയില്‍ വിദ്വേഷ പരാമര്‍ശവും ഉൾപ്പെട്ടിരിക്കുന്നു.  ഫെമിനിസ്റ്റുകളേയും ആക്ടിവിസ്റ്റുകളേയും വെര്‍ബല്‍ റേപ്പ് ചെയ്ത  വീഡിയോയിലാണ് ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങളും ഉന്നയിക്കുന്നത്.  ഫെമിനിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും ഗള്‍ഫ് ടൂറാണ് ഫെമിനിസ്റ്റുകള്‍ പ്രധാനമായും ആഗ്രഹിക്കുന്നതെന്നും വിജയ് പി നായര്‍ യൂട്യുബ് ചാനലിലൂടെ പറയുന്നുണ്ട്. 

“ഇസ്ലാമിക തീവ്രവാദത്തിന്റെ വക്താക്കള്‍ കൂടിയാണ് ഇവര്‍. കാരണം ഗള്‍ഫ് എന്ന് പറഞ്ഞാല്‍ തന്നെ അറിയാം കേരളത്തിലുള്ള നല്ലൊരു ശതമാനം മുസ്ലീം തീവ്രവാദികളും അവിടെ ഒണ്ട്. ഇവന്‍മാരെല്ലാം ഓരോ പേപ്പര്‍ സംഘടനകള്‍ സൃഷ്ടിച്ചിട്ട് ഈ പറഞ്ഞവരെയെല്ലാം അങ്ങോട്ട് ക്ഷണിക്കും. കള്ള അവാര്‍ഡുകള്‍ കൊടുക്കും.´´- വിജയ് പി നായർ പറയുന്നു. 

അതേസമയം വിജയ് പി. നായര്‍ യൂട്യൂബല്‍ പോസ്റ്റു ചെയ്ത അശ്ലീല വീഡിയോകൾ ഡിലീറ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് വിമർശനം.  ഇപ്പോഴും നിരവധിപ്പേരാണ് ഇത് കാണുന്നതെന്നാണ് സമുഹമാധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാണിക്കുന്നത്. അതേസമയം വിഷയത്തില്‍ സൈബര്‍ പരിശോധനകള്‍ തുടരുകയാണെന്നാണ് പോലീസ് പറയുന്നത്. 

വീഡിയോ ഡിലീറ്റാക്കിയെന്ന് വിജയ് പറഞ്ഞെങ്കിലും ഇപ്പോഴും ആ വീഡിയോയും അശ്ലീലം നിറഞ്ഞ ഒട്ടേറെ വീഡിയോകളുള്ള അദേഹത്തിന്റെ യൂട്യൂബ് ചാനലും സജീവമായി തുടരുകയാണ്. യൂട്യൂബില്‍ പരാതി നല്‍കി വിഡിയോ ഡിലീറ്റ് ചെയ്യാനുള്ള പോലീസ് നടപടി വൈകുന്നതോടെ ലക്ഷങ്ങള്‍ അത് കാണുന്നതിനും ഇടയാകുന്നുണ്ട്. 

സൈബര്‍ സെല്‍ വിഡിയോ പരിശോധിക്കുമെന്നും അതിന് ശേഷം യൂട്യൂബിന് അപേക്ഷ നല്‍കുമെന്നുമാണ് പോലീസിന്റെ വിശദീകരണം. ഇതോടെ അശ്ലീല വിഡിയോ കേസിലെ നടപടി വൈകിയേക്കും.വിജയ് പി.നായരുടെ വിഡിയോ സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. ജാമ്യം കിട്ടുന്ന നിസാരവകുപ്പുകള്‍ പ്രകാരമാണ് കേസുകൾ എടുത്തിരിക്കുന്നത്.