കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം മറികടക്കാന്‍ ആര്‍ട്ടിക്കിള്‍ 254(2) ഉപയോഗിക്കൂ; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് സോണിയയുടെ ആഹ്വാനം

single-img
28 September 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന് നിയമം ആക്കിയ കാര്‍ഷിക നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആഹ്വാനം. ഇതിന് വേണ്ടി രാജ്യത്തിന്റെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254(2) ന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കളുടെ താങ്ങുവില ഒഴിവാക്കലടക്കം മോദി സര്‍ക്കാരും ബിജെപിയും കാണിക്കുന്ന കടുത്ത അനീതിയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കണമെന്നും സോണിയ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254(2) അനുച്ഛേദo പറയുന്നത് കണ്‍കറന്റ് ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യത്തില്‍ കേന്ദ്രത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും നിയമങ്ങള്‍ വ്യത്യസ്ഥം ആണ് എങ്കില്‍ സംസ്ഥാന നിയമം പ്രസിഡന്റ് അംഗീകരിച്ചാല്‍ പിന്നെ ആ സംസ്ഥാനത്ത് നിലവില്‍ ഉണ്ടാവുക സംസ്ഥാന നിയമം മാത്രമാണ് എന്നാണ്. ഇതാണ് സോണിയയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പരിശോധിക്കാന്‍ പറയുന്നത്.

നിലവില്‍ രാജ്യത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും കര്‍ഷകര്‍ക്കൊപ്പം സംസ്ഥാനത്ത് കേന്ദ്ര നിയമങ്ങള്‍ക്കെതിരെ പ്രതിഷേധത്തിനിറങ്ങിയിരുന്നു.