ട്രാക്ടര്‍ കത്തിച്ചത് മാധ്യമശ്രദ്ധയ്ക്ക് വേണ്ടി; കര്‍ഷക സമരത്തെ അധിക്ഷേപിച്ച് ബിജെപി

single-img
28 September 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷകരുടെ രാജ്യവ്യാപക പ്രതിഷേധത്തെ അധിക്ഷേപിച്ച് ബിജെപിയുടെ നേതാക്കള്‍ രംഗത്ത്. തങ്ങളുടെ സമരത്തിന്‌ മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ഇന്ത്യാ ഗേറ്റിന് സമീപം കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചതെന്ന് യുവമോര്‍ച്ചയുടെ അധ്യക്ഷന്‍ തേജസ്വി സൂര്യ ആരോപിച്ചു.

‘യഥാര്‍ത്ഥത്തിലുള്ള കര്‍ഷകര്‍ ഒരിക്കലും തങ്ങളുടെ ട്രാക്ടര്‍ കത്തിക്കില്ല. സമരത്തിന്‌ നേതൃത്വം നല്‍കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചിലര്‍ മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെയൊക്കെ ചെയ്യുന്നത്. എന്ത്രീതിയിലുള്ള പ്രതിഷേധമാണിത്. മാധ്യമങ്ങളുടെ ശ്രദ്ധ ലഭിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം’, അദ്ദേഹം പറഞ്ഞു

അതേസമയം ഇന്ത്യാ ഗേറ്റില്‍ കര്‍ഷകര്‍ നടത്തിയ പ്രതിഷേധം കോണ്‍ഗ്രസിന്റെ നാടകമാണെന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ആരോപിച്ചത്. കോണ്‍ഗ്രസ് രാജ്യത്തെ കര്‍ഷകരുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.എന്നാല്‍, കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചതിന് പിന്നില്‍ ഗൂഢാലോചനയാണെന്നായിരുന്നു മറ്റൊരു കേന്ദ്രമന്ത്രിയായ ഗജേന്ദ്ര ഷെഖാവത്തിന്‍റെ അഭിപ്രായം.