സഞ്ജു അടുത്ത ധോണി എന്ന് ശശി തരൂർ; എതിർപ്പുമായി ഗംഭീര്‍

single-img
28 September 2020

കഴിഞ്ഞദിവസം പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച അടുത്ത മഹേന്ദ്ര സിംഗ് ധോണി എന്നായിരുന്നു തരൂരിന്റെ പ്രതികരണം. എന്നാല്‍, സഞ്ജു സാംസണ്‍ അടുത്ത ആരുമാകേണ്ട കാര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും നിലവിലെ ബിജെപിഎംപിയുമായ ഗൌതം ഗംഭീര്‍ തരൂരിന്റെ ട്വീറ്റിന് മറുപടി നല്‍കി.

പകരം, ഇന്ത്യന്‍ ക്രിക്കറ്റിലെ സഞ്ജു സാംസണാണ് അദ്ദേഹമെന്നും ഗംഭീര്‍ എഴുതി. എന്നാല്‍ വിരമിച്ച ശേഷം നേരത്തെ തന്നെ ധോണിയെ പലപ്പോഴും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ഗൌതം ഗംഭീര്‍. ഇപ്പോള്‍ ഉണ്ടായതും അതിന്റെ ഭാഗമാണെന്ന് ആരാധകര്‍ കരുതുന്നു. അതേസമയം ഗംഭീര്‍ പറഞ്ഞതിനെതിരെ ക്രിക്കറ്റ് ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

മുന്‍ കാലത്ത് ധോണി ഇന്ത്യന്‍ ടീമിനെ നയിച്ചപ്പോള്‍ ഗംഭീറിനെ പോലുള്ളവരില്‍ നിന്ന് വലിയ വഞ്ചനകള്‍ തന്നെ
അദ്ദേഹം നേരിട്ടിട്ടുണ്ടാവുമെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ധോണിക്കെതിരെ വ്യക്തിപരമായ വിദ്വേഷമാണ് ഗംഭീര്‍ കാണിക്കുന്നതെന്ന് ആരോപിക്കുന്നവരും കുറവല്ല.